ഇന്ത്യൻ ഹോക്കി ടീം നായകൻ മൻപ്രീത് സിങിനെ പോയവർഷത്തെ ഏറ്റവും മികച്ച താരമായി ഏഷ്യൻ ഹോക്കി ഫെഡറേഷൻ തിരഞ്ഞെടുത്തു. ദേശീയ ടീമിന് വേണ്ടി 2018ൽ നടത്തിയ മികച്ച പ്രകടനങ്ങളാണ് മൻപ്രീതിനെ പുരസ്കാരത്തിന് അർഹനാക്കിയത്. വനിത താരം ലാൽറെമ്സ്യാമി റൈസിങ് പ്ലേയർ ഓഫ് ദി ഇയറായും തിരഞ്ഞെടുക്കപ്പെട്ടു.
മലയാളി താരം പി ആർ ശ്രീജേഷിന് പകരക്കാരനായി കഴിഞ്ഞ വർഷമാണ് ഇന്ത്യൻ നായക സ്ഥാനത്തേയ്ക്ക് മൻപ്രീത് സിങ് എത്തിയത്. മസ്ക്കറ്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന നായകനാണ് മൻപ്രീത്. എഫ്ഐഎച്ച് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് വെള്ളി സമ്മാനിക്കാനും മൻപ്രീതിനായി.
പതിനെട്ടുകാരിയായ ലാൽറെമ്സ്യാമി ഇന്ത്യൻ വനിത ടീമിലെ നിർണായക സാനിധ്യമായി മാറികഴിഞ്ഞു. 2018 ലോകകപ്പിലും ഇന്ത്യ വെള്ളി നേടിയ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ലാൽറെമ്സ്യാമി. അർജന്റീനയിൽ നടന്ന യൂത്ത് ഒളിംമ്പിക്സിൽ ഇന്ത്യയ്ക്ക് വെള്ളി നേടിതരുന്നതിലും പ്രധാന പങ്കുവഹിച്ചത് ലാൽറെമ്സ്യാമിയായിരുന്നു.
ഇന്ത്യൻ പുരുഷ ടീമിനെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള പുരസ്കാരം നൽകിയും ആദരിക്കും. ഭുവനേശ്വറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ആദ്യ എട്ടിലെത്തിയ ഏക ഏഷ്യൻ രാജ്യമായിരുന്നു ഇന്ത്യ.