ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎല്ലിന്റെ ആദ്യ പതിപ്പിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടിയ കൊൽക്കത്തയ്ക്ക് എന്നാൽ സീസണിൽ മുന്നോട്ട് ആ ആധിപത്യം തുടരാനായില്ല. അതുകൊണ്ട് തന്നെ നാല് വർഷങ്ങൾക്കു ശേഷം അഞ്ചാം പതിപ്പിൽ മാത്രമാണ് കൊൽക്കത്തയ്ക്ക് കന്നി കിരീടത്തിൽ മുത്തമിടാനായത്.

2012ൽ ഇതേ ദിവസമായിരുന്നു ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി കൊൽക്കത്ത ആദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. 191 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് മൻവീന്ദർ ബിസ്‌ലയുടെ തകർപ്പൻ ഇന്നിങ്സാണ് ജയം അനായാസമാക്കിയത്. 48 പന്തിൽ 89 റൺസായിരുന്നു താരം നേടിയത്. ബിസ്‌ല കളിയിലെ താരവും വിൻഡീസ് സ്പിന്നർ സുനിൽ നരെയ്ൻ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുത്തു.

കന്നി കിരീട നേട്ടത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് ആരാധകരോട് തങ്ങളുടെ പ്രിയപ്പെട്ട നിമിഷം ഏതെന്ന് ചോദിച്ച് ടീം മാനേജ്മെന്റ് വിവിധ ചിത്രങ്ങൾ ചേർത്തൊരു ട്വീറ്റ് പോസ്റ്റ് ചെയ്തു. ട്വീറ്റിനൊപ്പം ബിസ്‌ല, മുൻ നായകൻ ഗൗതം ഗംഭീർ, ന്യൂസിലൻഡ് താരം ബ്രെൻഡൻ മക്കല്ലം, സുനിൽ നരെയ്ൻ, ഓസിസ് താരം ബ്രെറ്റ് ലീ എന്നിവരെ ടാഗ് ചെയ്ത മാനേജ്മെന്റ് എന്നാൽ മുൻ ഇന്ത്യൻ താരം കൂടിയായ മനോജ് തിവാരിയെ ഉൾപ്പെടുത്തിയില്ല.

ഇതാണ് താരത്തെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. പട്ടികയിൽ തന്റെ പേര് പരാമർശിക്കാത്തതിലുളള അമർഷം താരം തുറന്ന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഓർമ്മകൾ എന്നെന്നും നിലനിൽക്കും എന്ന് പറഞ്ഞ താരം എന്നാൽ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന്റെയും തന്റെയും സംഭവനകളെ ഒഴിവാക്കിയത് അപമാനകരമാണെന്നും കൂട്ടിച്ചേർത്തു.

ടൂർണമെന്റിൽ 15 ഇന്നിങ്സുകളിൽ നിന്ന് 260 റൺസാണ് മനോജ് തിവാരി സ്വന്തമാക്കിയത്. ഇതിൽ ഒരു അർധസെഞ്ചുറി പ്രകടനവും ഉൾപ്പെട്ടിരുന്നു.

Also Read: ഡബ്ല്യൂഡബ്ല്യൂഇ സൂപ്പർസ്റ്റാർ റെയ് മൈസ്റ്റിരിയോ റിങ് വിടുന്നു

എന്നാൽ താരത്തിന് മറുപടിയുമായി തെളിവ് സഹിതമാണ് കൊൽക്കത്ത എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട നൈറ്റിന്റെ ടാഗ് ചെയ്യാൻ വിട്ടുപോകില്ലെന്നായിരുന്നു ടീമിന്റെ പ്രതികരണം. ഒപ്പം ടാഗ് ചെയ്തിരിക്കുന്നവരുടെ ലിസ്റ്റും. 2012ലെ വിജയത്തിന്റെ നായകനാണെപ്പോഴും നിങ്ങളെന്നും കൊൽക്കത്ത ട്വീറ്റിൽ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook