ദക്ഷിണഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും 31 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നു ഇന്ത്യയ്ക്ക്. വിരാട് കോഹ്ലി, ശിഖര്‍ ധവാന് എന്നിവരുടെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ മധ്യനിര തകര്‍ന്നതായിരുന്നു പരാജയത്തിന്റെ മുഖ്യ കാരണം. മത്സരശേഷം നായകന് കെ.എല്‍.രാഹുല്‍ അത് ശരിവയ്ക്കുകയും ചെയ്തു.
297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കോഹ്ലി മടങ്ങുമ്പോള്‍ 152-3 എന്ന നിലയിലായിരുന്നു. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ പിന്നീട് ഇന്ത്യയ്ക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകളാണ്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കിടേഷ് അയ്യര്‍ എന്നിവര്‍ 20 റണ്‍സിന് താഴെ ഒതുക്കി. ശാര്‍ദൂല്‍ താക്കൂറിന്റെ പോരാട്ടമായിരുന്നു തോല്‍വി ഭാരം കുറച്ചത്.
എന്നാല്‍ മധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിര്‍ദേശം വച്ചിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. സുര്യകുമാര്‍ യാദവിനെ ടീമിലുള്‍പ്പെടുത്തണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. മധ്യനിരയില്‍ ബാറ്റിങ് മികവ് കുറഞ്ഞെന്നും പുതിയ താരമായ വെങ്കിടേഷ് അയ്യര്‍ പരിചയമില്ലാത്ത സ്ഥാനത്തിറങ്ങിയതും തിരിച്ചടിയായെന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു സൂര്യകുമാര്‍ യാദവ് അരങ്ങേറ്റം കുറച്ചത്. അഞ്ചാം സ്ഥാനത്ത് യുവതാരത്തെ പരീക്ഷിക്കാമെന്ന ടീം മാനേജ്മെന്റിന്റെ തീരുമാനമായിരിക്കാം സൂര്യകുമാറിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്ക 250 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തപ്പോള്‍ തന്നെ ഇന്ത്യ പിന്നിലായെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചു.
“കൂടുതല്‍ റണ്‍സ് പിന്തുടരാനുണ്ടായിരുന്നു. പിച്ച് ബാറ്റിങ്ങിന് അനുകുലമായിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ തുടക്കം പ്രതീക്ഷ നല്കി. പക്ഷെ അത് മുന്നോട്ട് കൊണ്ടുപോകാന്‍ ആരുമില്ലായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ചതിന് ശേഷമാണ് കോഹ്ലിയും ധവാനും പുറത്തായത്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പിന്നീട് വന്നവര്‍ക്ക് കഠിനമായി,” മഞ്ജരേക്കര്‍ വ്യക്തമാക്കി.
Also Read: അണ്ടര്‍ 19 ലോകകപ്പ്: അയര്‍ലന്‍ഡിനെതിരെ കൂറ്റന്‍ ജയം; ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍