ഐഎസ്എല്ലിലെ മോശം റഫറിങ്ങിനെതിരെ പരാതിയുമായി മഞ്ഞപ്പട. ബ്ലാസ്റ്റേഴ്‌സിനെതിരെ കഴിഞ്ഞ രണ്ട് കളികളിലും റഫറി എടുത്ത തെറ്റായ തീരുമാനങ്ങള്‍ ചൂണ്ടിക്കാണിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഐഎസ്എല്‍ ഭാരവാഹികള്‍ക്ക് പരാതി നല്‍കി.

രണ്ട് സംഭവങ്ങളാണ് പരാതിയില്‍ മഞ്ഞപ്പട ചൂണ്ടിക്കാണിക്കുന്നത്. ഡല്‍ഹി ഡൈനാമോസിനെതിരായ കളിയിലായിരുന്നു ആദ്യത്തെ സംഭവം. മലയാളി താരം സി.കെ.വിനീതിന് അവകാശപ്പെട്ട പെനാല്‍റ്റി നല്‍കാതെ റഫറി തെറ്റായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. രണ്ടാമത്തെ സംഭവം കഴിഞ്ഞ ദിവസത്തെ കളിയിലേതാണ്. പുണെയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോള്‍ റിവേഴ്‌സ് ചെയ്യുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്നത്.

പുണെ താരം പന്ത് കൈ കൊണ്ട് തടയുന്നതും വ്യക്തമായിരുന്നുവെന്നും റിവേഴ്‌സ് ചെയ്തത് തെറ്റായ തീരുമാനമായിരുന്നുവെന്നും ബ്ലാസ്റ്റേഴ്‌സ് ഗോള്‍ അര്‍ഹിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് കൂടാതെ വേറേയും ഒരുപാട് സംഭവങ്ങളുണ്ടെന്നും എന്നാല്‍ എല്ലാം എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഇതൊന്നും ചെറിയ തെറ്റായി കണ്ട് അവഗണിക്കാനാകില്ലെന്നും തെറ്റുകള്‍ സ്ഥിരം സംഭവമാകുമ്പോള്‍ അത് ഐഎസ്എല്ലിനും ഇന്ത്യന്‍ ഫുട്‌ബോളിനും ചീത്തപ്പേരുണ്ടാക്കുമെന്നും മഞ്ഞപ്പട പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook