കൊച്ചി : എഎഫ്സി കപ്പിന്‍റെ ഇന്റര്‍സോണ്‍ സെമി ഫൈനല്‍ മത്സരം കാണാനും പ്രോത്സാഹനത്തിനുമായി ബെംഗളൂരു എഫ്സിയുടെ മൈതാനമായ ക്രാന്തീവര സ്റ്റേഡിയത്തിലെ ഗ്യാലറിയിലെത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സികെ വിനീതിനും റിനോ ആന്‍റോയ്ക്കുമുണ്ടായ അനുഭവം ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

മുന്‍ ബെംഗളൂരു എഫ്സി താരങ്ങളായ വിനീതും റിനോയും ഗാലറിയിലിരിക്കെ ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സി ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് മുഴക്കിയ ചാന്റ് ആണ് ചര്‍ച്ചയായിരിക്കുന്നത്.

“തന്‍റെ കരിയറിലെ ഏറ്റവും നല്ല ഫുട്ബോള്‍ കളിച്ച
ക്ലബിന്‍റെ ആരാദകനായികൊണ്ട്, ഇന്ത്യന്‍ ഫുട്ബോളിനുള്ള പ്രോത്സാഹനവുമായാണ് ഞാന്‍ വെസ്റ്റ് ബ്ലോക്കില്‍ എത്തിയത്. ബെംഗളൂരുവിനായി കളിക്കുന്ന കാലത്തൊക്കെയുള്ള ആഗ്രഹമായിരുന്നു എപ്പോഴെങ്കിലും വെസ്റ്റ് ബ്ലോക്കിലിരുന്നു കളി കാണണം എന്ന്. ആ ആഗ്രഹം നടന്നു. പക്ഷെ ഒരു കൂട്ടം ആരാദകര്‍ എന്‍റെ ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നടത്തിയ ചാന്റില്‍ എനിക്ക് വേദനയുണ്ട്. എഎഫ്സി കപ്പ്‌ എന്നത് നമ്മുടേത് മാത്രമല്ല, ഇത് ഈ രാജ്യത്തിന്‍റെ കൂടി സ്വപ്നമാണ് എന്ന്‍ ബിഎഫ്സിക്ക് വേണ്ടി കളിക്കുമ്പോള്‍ പറഞ്ഞയാളാണ് ഞാന്‍. ഇന്നലെ സംഭവിച്ചത് എന്തായാലും സംഭവിച്ചു കഴിഞ്ഞു. ഇനിയത് സംഭവിച്ചുകൂടാ. ഇനി മൈതാനത്തില്‍ കാണാം ” എന്നായിരുന്നു ഇത് സംബന്ധിച്ച് റിനോ ആന്റോ ഫെയ്സ്ബുക്കില്‍ കുറിച്ചത്. എഎഫ്സി കപ്പിന്‍റെ ഫൈനല്‍ വരെയുള്ള ബെംഗളൂരു എഫ്സിയുടെ പടയോട്ടത്തിനു ചുക്കാന്‍പിടിച്ച താരമായിരുന്നു റിനോ. ഈ സീസണിലാണ് ബെംഗളൂരുവുമായുള്ള കരാര്‍ അവസാനിപ്പിച്ച റിനോ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തുന്നത്.

എന്നാല്‍ ഇന്നലത്തെ സംഭവത്തോട് തികച്ചും വ്യത്യസ്തമായ രീതിയിലാണ് സി കെ വിനീത് പ്രതികരിച്ചത്. “ഇന്നലെ ബെംഗളൂരുവില്‍ നടന്നതിനെ വ്യത്യസ്ത രീതിയില്‍ കാണാന്‍ സാധിക്കുന്നതാണ്. ബെംഗളൂരു എഫ്സിയുടെ മുന്‍ താരവും ഇപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരവും എന്ന നിലയില്‍ ഞാന്‍ ഇതിനെ ഇങ്ങനെ കാണുന്നു. ഫുട്ബാള്‍ എന്ന കായികവിനോദം എന്നും ആവേശം പകരുന്നതാണ്. തൊണ്ണൂറു മിനുട്ടില്‍ മൈതാനത്തിലുയരുന്ന സംഭവങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഗാലറിയിലുയരുന്ന ആവേശവും അപഹാസങ്ങളുമൊക്കെ. ഇന്നലെ സ്റ്റാന്‍ഡില്‍ നടന്ന സംഭവം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഞാനതിനെ ഉത്സാഹത്തോടെ തന്നെ ഉള്‍ക്കൊള്ളുന്നു.

ഇത്തരത്തിലുള്ള സ്പര്‍ദ്ധകളും അതില്‍ നിന്നുമുള്ള ആവേശങ്ങളും ഫുട്ബാളിനെ കൂടുതല്‍ ആവേശകരമാക്കുക മാത്രമാണ് ചെയ്യുക. അതില്‍ നിന്നും ഞാന്‍ ആവേശം ഉള്‍ക്കോള്ളുന്നു. കഴിഞ്ഞ മൂന്നര വര്‍ഷമായി വെസ്റ്റ്‌ ബ്ലോക്ക് ബ്ലൂസുമായി എനിക്ക് നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഇനി തിരിച്ചു കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞയിലേക്ക് പോകുമ്പോഴും ഞാന്‍ പ്രതീക്ഷിക്കുന്നത് സമാനമായ അനുഭവങ്ങളാണ്. വേഗം തന്നെ കാണാം ! ” ഒപ്പു സഹിതം വിനീത് ട്വിറ്ററില്‍ കുറിച്ചു.

എന്തിരുന്നാലും സാമൂഹ്യമാധ്യമങ്ങളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആരാദകരായ മഞ്ഞപ്പയും ബെംഗളൂരൂ എഫ്സി ആരാധകാരായ വെസ്റ്റ്‌ ബ്ലോക്ക് ബ്ലൂസും തമ്മിലുള്ള യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ആരാദകസംഘര്‍ഷം വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ആവേശമായി അലയടിക്കും എന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ആരാധകര്‍. ഇന്ത്യന്‍ ഫുട്ബോളില്‍ ഏറ്റവും സംഘടിതരായ ആരാധകസംഘമായി കണക്കാക്കുന്ന വെസ്റ്റ്‌ ബ്ലോക്ക് ബ്ലൂസും ഏറ്റവും ഫുട്ബോള്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള മഞ്ഞപ്പടയും തമ്മിലുള്ള പോര് ആവേശം നിറഞ്ഞൊരു സീസണിലേക്ക് കൊണ്ടുപോവുമെന്നത് തീര്‍ച്ച !

Read More : വിനീതും റിനോയും വെസ്റ്റ്ബ്ലോക്കിലെത്തി; ബെംഗളൂരു എഫ്സിയ്ക്കായി ആര്‍ത്തുവിളിക്കാന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ