ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. അത് എത്ര തവണ ആവർത്തിച്ച് പറഞ്ഞാലും പലപ്പോളും ടീം അത് മറക്കും. ഒന്നിലധികം ആരാധക കൂട്ടായ്മകളും ബ്ലാസ്റ്റേഴ്സിനുണ്ട്. ക്ലബ്ബിലെ പന്ത്രണ്ടാമൻ എന്ന് വിളിക്കുമെങ്കിലും, ആ പന്ത്രണ്ടാമൻ ആവുന്ന അത്ര ചെയ്തിട്ടും ക്ലബ്ബ് തിരിച്ച് ഒന്നും നൽകുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒരു നിർണ്ണായക തീരുമാനം എടുത്തിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ ഒരു തവണ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റ് തികച്ച് വാങ്ങിയത്. ഈ സന്ദർഭത്തിൽ മഞ്ഞപ്പട ആരാധകർക്കിടയിൽ ഒരു വോട്ടിങ് നടത്തി. അടുത്ത ഹോം മാച്ചിൽ കളി കാണാൻ പോകണമോ വേണ്ടയോ എന്നതായിരുന്നു വോട്ടിങ്ങിലെ ചോദ്യം. ഭൂരിഭാഗം ആരാധകരും പോകേണ്ട എന്ന ഉത്തരമാണ് നൽകിയത്.

ഇതോടെ ഡിസംബർ നാലിന് ജംഷഡ്പൂരിനെതിരെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കാണികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് പ്രതീക്ഷിക്കുന്നത്. പതിനാറായിരത്തിലധികം പേർ ഇതിനോടകം വോട്ട് ചെയ്ത് കഴിഞ്ഞപ്പോൾ 84 ശതമാനം പേരും മത്സരം ബഹിഷ്കരിക്കണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ബാക്കി വരുന്ന 16 ശതമാനം ആളുകൾ മാത്രമാണ് കളികാണാൻ പോകും എന്ന് പറഞ്ഞിരിക്കുന്നത്.

എന്നാൽ മത്സരത്തിൽ എത്താനാണ് മഞ്ഞപ്പടയുടെ തീരുമാനം. അതേസമയം കൂടുതൽ പേരും കളി‌കാണാൻ പോകേണ്ട എന്ന് പറഞ്ഞ സാഹചര്യത്തിൽ മഞ്ഞപ്പടയുടെ ഒരു വിധ ആക്ടിവിറ്റിയും സ്റ്റേഡിയത്തിൽ ഉണ്ടാവില്ല. മഞ്ഞപ്പട സ്റ്റാൻഡിൽ ടൈ ചെയ്തിരിക്കുന്ന ബാനറുകൾ തിരിച്ചിടും. പ്രതിഷേധം മാനേജ്മെന്റിനെതിരെയാണെന്നും, താരങ്ങളെ മാനസികമായി തളർത്തേണ്ട എന്ന ഉദ്ദേശത്തോട് കൂടിയാണ് മുന്നോട്ട് പോകുന്നതെന്നും മഞ്ഞപ്പട പറയുന്നു.

മാനേജ്മെന്റിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ ഒരു താക്കീതായി വേണം ഇതിനെ കാണാൻ. ടീമിനുള്ളിലെ പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിച്ചു മുന്നോട്ടു പോകാൻ നിങ്ങൾക്കായില്ലെങ്കിൽ വരും നാളുകളിൽ ഒഴിഞ്ഞ ഗാലറികളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. ഓരോ മത്സരങ്ങൾ കഴിയുന്തോറും ടീമിനെ കുറിച്ചുള്ള മതിപ്പു പതിയെ പതിയെ ആരാധകർക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം തിങ്ങി നിറഞ്ഞു കാണികൾ വരുന്നത് നല്ല മത്സരങ്ങൾ കാണാനുള്ള അവരുടെ അടങ്ങാത്ത ആവേശം ഒന്നു കൊണ്ട് മാത്രമാണെന്നും മഞ്ഞപ്പട ഓർമ്മപ്പെടുത്തുന്നു.

അതേസമയം മത്സരം കാണാൻ പോകാനുള്ള മഞ്ഞപ്പടയുടെ തീരുമാനത്തിനെതിരെയും ശക്തമായ എതിർപ്പാണ് ഉയർന്നു വരുന്നത്. പിന്നെ എന്തിനാണ് ഇത്തരത്തിൽ വോട്ടെടുപ്പ് നടത്തിയതെന്നും സമൂഹിക മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നു വരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ