കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സെവന്‍സ് ക്ലബ്ബുകള്‍ക്കായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയുള്ള മൂന്നു ദിവസമായാണ് നടക്കുക. എറണാകുളം പള്ളുരുത്തിയിലുള്ള സെന്‍റ റീതാസ് സ്കൂള്‍ മൈതാനത്തിലായിരിക്കും മത്സരങ്ങള്‍.

മഞ്ഞപ്പട സൂപ്പര്‍ കപ്പ്‌ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് പതിനായിരം രൂപയും ട്രോഫിയും മെഡലുകളും സമ്മാനമായി നല്‍കും. റണ്ണര്‍ അപ്പാവുന്നവര്‍ക്കും സമ്മാനമുണ്ട്. അയ്യായിരം രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും മെഡലുകളുമായിരിക്കും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം. ഇതിനുപുറമെ മികച്ച താരത്തിനും ഗോള്‍കീപ്പര്‍ക്കും ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനമായി നല്‍കും എന്ന് മഞ്ഞപ്പട അറിയിച്ചു. കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായാണ്‌ സംസ്ഥാനതലത്തില്‍ സെവന്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

2014ല്‍ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകസംഘം മൂന്നു വര്‍ഷമായി ഫുട്ബാളിന്‍റെ വളര്‍ച്ചയും കായിക വികസനവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇതിനു പുറമേ ആതുരസേവനത്തിലും മറ്റു സാമൂഹ്യ വിഷയങ്ങളിലും തങ്ങളുടേതായ സാന്നിധ്യം അറിയിക്കുന്നുവന്നത് മഞ്ഞപ്പടയെ വ്യത്യസ്തരാക്കുന്നു. രണ്ടു ലക്ഷത്തോളം ആരാധകരുണ്ടെന്നു അവകാശപ്പെടുന്ന മഞ്ഞപ്പട അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായി വേറെയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

മത്സരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയുവാന്‍ 9446388920, 8281610997 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ