കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് ഫുട്‌ബോള്‍ കൈവരിച്ച വളര്‍ച്ച സമാനതകളില്ലാത്തതാണ്. കാല്‍പ്പന്ത് കളിക്ക് നഷ്ടമായ ആരാധക പിന്തുണ വീണ്ടെടുക്കുന്നതില്‍ ഐഎസ്എല്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഗ്യാലറിയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഫുട്‌ബോള്‍ ആരാധകര്‍ തങ്ങളുടെ ടീമിന് പിന്നില്‍ അണിനിരക്കുകയാണ്. ഇപ്പോഴിതാ ഗ്യാലറിയും സോഷ്യല്‍ മീഡിയയും കടന്ന് പരീക്ഷ പേപ്പറിലുമെത്തിയിരിക്കുകയാണ് ഐഎസ്എല്‍ ആരാധകര്‍.

ലോകത്തെ തന്നെ തങ്ങളുടെ ടീമിനോടുള്ള ആരാധന കൊണ്ട് ഞെട്ടിച്ചവരാണ് മഞ്ഞപ്പട. ഇതിന് പിന്നാലെ സിബിഎസ്ഇ പരീക്ഷ പേപ്പറിലെ ചോദ്യത്തിലും ഇടം നേടിയിരിക്കുകയാണ് മഞ്ഞപ്പട. സിബിഎസ്ഇ പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനേയും മഞ്ഞപ്പടയേയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിനെ കുറിച്ചുള്ള കുറിപ്പില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ക്കാണ് വിദ്യാര്‍ത്ഥികളോട് ഉത്തരമെഴുതാന്‍ പറഞ്ഞിരിക്കുന്നത്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ചും മഞ്ഞപ്പടയെ കുറിച്ചുമെല്ലാം വിശദമായി തന്നെ കുറിപ്പില്‍ പറയുന്നു. ‘മഞ്ഞയില്‍ കളിക്കൂ’ എന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോട്ടോയാണ് കുറിപ്പിന്റെ തലക്കെട്ടായി നല്‍കിയിരിക്കുന്നത്. ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഹിറ്റായി മാറിയിരിക്കുകയാണ്.

അതേസമയം, പോയിന്റ് പട്ടികയില്‍ ആറാമതായി ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിനുള്ള യോഗ്യതയ്ക്കായി നെരോക്ക എഫ്‌സിയെ നേരിടാന്‍ തയ്യാറെടുക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ