കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചടുത്തോളം ഇന്ത്യൻ സൂപ്പർ ലീഗിലെ അവരുടെ കറുത്ത ദിനമാണ് കടന്നു പോയത്. ജംഷദ്പൂരിനെതിരായി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പതിനായിരത്തിൽ താഴെ ആരാധകർ മാത്രമാണ് കളി കാണാൻ എത്തിയത്. കൃത്യമായി പറഞ്ഞാൽ 8451 പേർ.

സീസണിലെ മോശം പ്രകടനമാണ് ആരാധകരെ മൈതാനത്ത് നിന്നും അകറ്റിയത്. കളി ബഹിഷ്കരിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരണവും നടത്തിയരുന്നു. മത്സരത്തിൽ കറുത്ത ബാനറുകളും ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ മികച്ചത് അർഹിക്കുന്നു, സപ്പോർട്ടേഴ്സാണ്; കസ്റ്റമേഴ്സ് അല്ല എന്നിങ്ങനെ എഴുതിയ ബാനറുകളാണ് ഗ്യാലറിയിൽ ഉണ്ടായിരുന്നത്.

എന്നാൽ ബ്ലാസ്റ്റേഴ്സിന് പഴയ പിന്തുണ നൽകണമെന്ന് അവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. എപ്പോഴും ക്ലബ്ബിന്റെ ആരാധകരായിരിക്കും എന്ന് പറഞ്ഞ അവർ ഡിസംബർ ഏഴിന് കൊച്ചിയിൽ പൂനെക്കെതിരെ നടക്കുന്ന മത്സരം കാണാനും സ്റ്റേഡിയം ഇളക്കി മറിക്കാനും തങ്ങളുണ്ടകുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.

“ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനെ ഇഷ്ടപ്പെടുന്നു, ഫുട്ബോളിനെയും. 90 മിനിറ്റത്തേക്ക് മാത്രമുള്ള ആരാധകരല്ല. എല്ലാ വർഷവും, എല്ലാ ദിവസവും, എല്ലാ മണിക്കൂറും ഞങ്ങൾ ഫുട്ബോൾ ആരാധകരാണ്. പ്രതികൂല മത്സരഫലങ്ങൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. ഞങ്ങളുടെ വിഷമങ്ങൾ അറിയക്കാനാണ് കുറച്ച് പേരെങ്കിലും കളി കാണാൻ സ്റ്റേഡിയത്തിൽ വരാതിരുന്നത്. എന്നാൽ ഞങ്ങൾ ടെലിവിഷനിൽ കളി കാണുകയായിരുന്നു.

കളിക്കാർക്കും പരിശീലകനും കൂടുതൽ പിന്തുണ അവശ്യമാണ്. ഇന്നലെ ടീം മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു. എന്തുകൊണ്ട് അത് നേരത്തെ ഉണ്ടായില്ല എന്ന കാര്യത്തിലാണ് സംശയം.

കഴിഞ്ഞ 312 ദിവസമായി സ്വന്തം തട്ടകത്തില്‍ നാം ജയിച്ചിട്ടില്ല. ആ സത്യത്തില്‍ നിന്ന് ഒളച്ചോടാനും നമുക്കാവില്ല. അത് തിരുത്തിയെഴുതാനുള്ള അവസരമാണ് ഈ വെള്ളിയാഴ്ച. ഞങ്ങൾക്കറിയം ഇനിയും നിങ്ങൾക്ക് വേണ്ട് സ്റ്റേഡിയം ഞങ്ങൾ ഇളക്കി മറിക്കണം.നിങ്ങൾക്കറിയം ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ജയിക്കണം. നമുക്ക് ഒന്നിച്ച് അത് ചെയ്യാം,” മഞ്ഞപ്പട ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇന്നലെ നടന്ന ജംഷഡ്പൂരിനെതിരായ മത്സരവും സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ നേടി. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുപിടി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിജയം മാത്രം ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്നും അകന്നു നിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook