ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് പരാജയം. ടൂർണ്ണമെന്റിൽ ഇത് മൂന്നാമത്തെ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ വഴങ്ങിയത്. നാല് മത്സരങ്ങളിൽ സമനില പിടിച്ച ബ്ലാസ്റ്റേർസിന് ആദ്യ മത്സരത്തിലെ അത്ലറ്റികോയ്ക്ക് എതിരായ വിജയം മാത്രമാണ് മൂന്ന് പോയിന്റ് സമ്മാനിച്ചത്.
തോൽവിക്ക് പിന്നാലെ വലിയ വിമർശനമാണ് ക്ലബ്ബ് ഏറ്റുവാങ്ങുന്നത്. ട്രോളുകളായും കുറിപ്പുകളായും നവമാധ്യമങ്ങളിൽ സങ്കടവും ദേശ്യവും തീർക്കുകയാണ് ആരാധകർ. ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ആരാധക കൂട്ടയ്മയായ മഞ്ഞപ്പടയാണ്. മാനേജ്മെന്റിനും കോച്ച് ഡേവിഡ് ജെയിംസിനും തുറന്ന് കത്തെഴുതിയിരിക്കുകയാണ് മഞ്ഞപ്പട.
“പ്രിയപ്പെട്ട മാനേജ്മെന്റ്,
ഞങ്ങൾ ക്ലബ്ബിന്റെ ആരാധകാണ്, കസ്റ്റമേഴ്സ് അല്ല. അത് എത്രയും വേഗം മനസിലാക്കുന്നുവോ, അത്രയും നല്ലത്. അല്ലെങ്കിൽ ക്ലബ്ബിനെ അത് വളരെ മോശമായി ബാധിക്കും.”
“പ്രിയപ്പെട്ട ഡേവിഡ് ജെയിംസ്,
ഞങ്ങൾ നിങ്ങളെ ഉപാധികളില്ലാതെ സ്നേഹിച്ചു, ഇപ്പോഴും സ്നേഹിക്കുന്നു. പക്ഷെ ഞങ്ങൾക്ക് ടീം ആണ് വലുത്. നിങ്ങളുടെ തന്ത്രങ്ങൾ ഫലിക്കുന്നില്ല. ടീമിന്റെ മുന്നേറ്റത്തിന് ടീമും ആരാധകരും ഇനിയും പഠിക്കേണ്ടതുണ്ട്.”
മഞ്ഞപ്പട കത്തിൽ പറയുന്നു.
“കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ ആരാധകർ ആണ് ഞങ്ങൾ മഞ്ഞപ്പട . ഞങ്ങൾ സ്നേഹിക്കുന്നത് ഈ ടീമിനെ ആണ്, അല്ലാതെ വേറെ ഒന്നിനെയും അല്ല. ഞങ്ങൾക്ക് ടീം ആണ് വലുത്. ഈ ടീമിനെ ഇങ്ങനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.ടീമിനൊപ്പം അവസാനം വരെ ഞങ്ങൾ ഉണ്ടാകും. ജയം ആയാലും തോൽവി ആയാലും ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ആയിരിക്കും. പക്ഷെ, ഞങ്ങളും ആഗ്രഹിക്കുന്നുണ്ട് ചിലതൊക്കെ. കപ്പ് ഒന്നും വേണ്ട ഞങ്ങൾക്ക്. നല്ല പോലെ കളിക്കുന്ന ഒരു ടീം മാത്രം മതി.” ഇങ്ങനെയാണ് അവർ ഫേസ്ബുക്കിൽ പറയുന്നത്.
ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച കേരളത്തിന് പിന്നീട് ഒരിക്കലും മൂന്ന് പോയിന്റ് തികച്ച് വാങ്ങാൻ സാധിച്ചട്ടില്ല. മുംബൈയോടും ഡൽഹിയോടും ജംഷഡ്പൂരിനോടും പൂനെയോടും തുടർസമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നെ പരാജയങ്ങളിലേക്ക് കൂപ്പുകുത്തി.
കൊച്ചിയിൽ ബെംഗളൂരുവിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ഗോവയോട് തോറ്റത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്. ഇന്നലെ നോർത്ത് ഈസ്റ്റിന്രെ തട്ടകത്തിൽ ഇഞ്ചുറി ടൈമിലെ ഗോളുുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം.