ദുബായ്: ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ജയിച്ച മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി മനീഷ് പാണ്ഡെ. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സർഫ്രാസ് അഹമ്മദിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. കേദാര്‍ ജാദവിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിലാണ് സർഫ്രാസ് പുറത്തായത്. ബൗണ്ടറി ലൈനില്‍ വച്ചായിരുന്നു മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച്.

ഗ്രൗണ്ടില്‍ 35 മീറ്ററോളം ഓടിയിട്ടാണ് പാണ്ഡെ ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്. കൈപ്പടിയില്‍ ഒതുക്കിയ ശേഷം താരത്തിന് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ, പന്ത് വായുവിലേക്ക് ഉയര്‍ത്തിയിട്ടു. പിന്നീട് ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു.

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.

രോഹിത് ശര്‍മ്മ 39 പന്തില്‍ 51 റണ്‍സെടുത്തു. 56 പന്ത് നേരിട്ട ശിഖര്‍ ധവാന്‍ 46 റണ്‍സുമായി മടങ്ങി. ദിനേഷ് കാര്‍ത്തിക്കും അമ്പാട്ടി റായിഡുവും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 31 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. രോഹിത് ശര്‍മ്മയെ ഷദാബും ധവാനെ ഫഹീം അഷ്‌റഫിന്റെ പന്തില്‍ ബാബര്‍ അസം ക്യാച്ചെടുത്തുമാണ് പുറത്താക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ തുടക്കത്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ഞെട്ടിച്ചു. നേരിട്ട ഏഴാം പന്തില്‍ രണ്ട് റണ്‍സുമായി ഇമാം ഉള്‍ ഹഖാണ് ആദ്യം ഭുവിക്ക് മുന്നില്‍ വീണത്. പിന്നാലെ 9 പന്ത് നേരിട്ട ഫഖര്‍ സമാന്‍ റണ്ണൊന്നുമെടുക്കാതെ ഭുവിക്ക് വിക്കറ്റ് നല്‍കി മടങ്ങി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷൊയിബ് മാലിക്കും ബാബര്‍ അസമും ചേര്‍ന്നുളള കൂട്ടുകെട്ട് പാക്കിസ്ഥാന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. 62 പന്തില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമിന്റെ വിക്കറ്റ് വീഴ്ത്തി കേദാര്‍ ജാദവാണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

പിന്നീട് വന്ന സർഫ്രാസ് അഹമ്മദിനും ആസിഫ് അലിക്കും ഷദാബിനും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. വാലറ്റത്ത് ഫഹീം അഷ്‌റഫും (21), മുഹമ്മദ് ആമിറും (പുറത്താകാതെ 18) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook