ന്യൂസിലൻഡിനെതിരായ വനിതകളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യക്ക് തന്നെയായിരുന്നു വിജയം. ഓപ്പണർമാരായ ജെമിമ റോഡ്രിഗസും സ്മൃതി മന്ദാനയും തകർത്തടിച്ച മത്സരത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ സെഞ്ചുറി നേടിയ സ്മൃതി മന്ദാന മറ്റൊരു ചരിത്രനേട്ടം കുറിച്ചു.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായാണ് മന്ദാന മാറിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം വനിതാ താരമാണ് മന്ദാന. ഇംഗ്ലണ്ട് ഇതിഹാസ താരം ക്ലെയർ ടെയ്ലറാണ് ആദ്യം ഈ റെക്കോർഡ് സ്വന്തമാക്കിയ താരം.
കരിയറിൽ ഇതുവരെ നാല് സെഞ്ചുറികളാണ് മന്ദാന നേടിയത്. അത് തന്നെ നാല് കരുത്തരായ എതിരാളികൾക്കെതിരെ അവരുടെ മണ്ണിൽ തന്നെയാണെന്നെതും ശ്രദ്ധേയമാണ്. ഓസ്ട്രേലിയക്കെതിരെ ഹൊബാർട്ടിലായിരുന്നു മന്ദാന തന്റെ കന്നി ഏകദിന സെഞ്ചുറി (102) കുറിച്ചത്. 2017 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിലും (106), ദക്ഷിണാഫ്രിക്കയ്ക്കെതിരെ കിംബർലിയിലുമാണ് (135) മന്ദാനയുടെ സെഞ്ചുറി നേട്ടങ്ങൾ.
കരിയറിന്റെ തുടക്കം മുതൽ മികച്ച ഫോമിൽ കളിക്കുന്ന താരമാണ് സ്മൃതി മന്ദാന. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടംപിടിച്ച മന്ദാന ഇതിനോടകം തന്നെ 45 ഏകദിന മത്സരങ്ങിളിൽ നിന്നായി 1707 റൺസ് സ്വന്തമാക്കി കഴിഞ്ഞു. 2018ലെ മികച്ച വനിത ക്രിക്കറ്റർ ഓഫ് ദി ഇയറായും മന്ദാനയെ തിരഞ്ഞെടുത്തിരുന്നു.