മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റിയെ വീഴ്ത്തി യുണൈറ്റഡ്. ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ആന്റണി മാര്‍ഷ്വല്‍, സ്‌കോട്ട് മക്ടോമിന എന്നിവരാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. എതിരാളികൾക്ക് മുന്നിൽ പെപ്പിന്റെ കുട്ടികൾ നിസഹായരായി നിൽക്കേണ്ടി വന്നു. സീസണിലെ രണ്ടാം മത്സരത്തിലും സിറ്റിയെ തകർത്ത ചെകുത്താന്മാർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കും ഉയർന്നു.

മത്സരത്തിൽ ചെകുത്താന്മാർ നിറഞ്ഞുകളിച്ചതോടെ ഇരുപകുതികളും യുണൈറ്റഡ് ആധിപത്യം പുലർത്തി. 30-ാം മിനിറ്റിൽ അന്തോണി മാർഷ്യലാണ് യുണൈറ്റഡിനായി ആദ്യ ഗോൾ നേടിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് ചിപ്പ് ചെയ്ത് മാര്‍ഷ്യാലിനു നല്‍കി. മാര്‍ഷ്യാലിന്‍റെ ഷോട്ട് എഡേഴ്സന്‍റെ കൈകളില്‍ തട്ടി ഗോള്‍ വലയില്‍ വീഴുകയായിരുന്നു.

ഗോൾ മടക്കാനുള്ള സിറ്റിയുടെ ശ്രമങ്ങൾ ആദ്യ പകുതിയിൽ ഫലം കാണാതെ വന്നതോടെ രണ്ടാം പകുതിയിൽ കൂടുതൽ അക്രമണകാരികളായി അതിഥികൾ.

എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ യുണൈറ്റഡ് കിട്ടിയ അവസരങ്ങളിൽ മാത്രം മുന്നേറ്റത്തിന് ശ്രമിച്ചു. ഇഞ്ചുറി ടൈമില്‍ എഡേഴ്സന്‍റെ ത്രോയില്‍ നിന്നുമായിരുന്നു മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് രണ്ടാം ഗോള്‍ നേടിയത്. 40 വാരെ അകലെ നിന്നും മക്ടോമിനെ ലക്ഷ്യം കണ്ടു.

ജയത്തോടെ 45 പോയിന്റുകളുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. പരാജയപ്പെട്ടെങ്കിലും 57 പോയിന്റുകളുള്ള സിറ്റി രണ്ടാം സ്ഥാനം നിലനിർത്തി. 2009-2010 സീസണിന് ശേഷം ഇതാദ്യമായാണ് സീസണിലെ രണ്ട് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook