ഓള്‍ഡ് ട്രഫോഡ്: ഒലെ ഗണ്ണര്‍ക്ക് കീഴില്‍ ആദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടു പാദത്തിലുമായി ഇറ്റാലിയന്‍ ക്ലബ്ബ് റോമയെ 8-5 ന് തകര്‍ത്താണ് യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗ് കലാശപ്പോരാട്ടത്തിലേക്ക് കടന്നത്. രണ്ടാം പാദത്തില്‍ 3-2 ന് റോമ വിജയിച്ചു. ആദ്യ പാദത്തില്‍ 6-2 ന് നേടിയ വിജയമാണ് യുണൈറ്റഡിന് തുണയായത്. സ്പാനിഷ് ക്ലബ്ബ് വിയ്യാറയലാണ് ഫൈനലില്‍ എതിരാളികള്‍.
അഞ്ച് ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിക്കണമായിരുന്നു റോമയ്ക്ക് ഫൈനലില്‍ എത്താന്‍. ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡിനെ വിറപ്പിച്ചാണ് റോമന്‍ നിര മടങ്ങിയത്. ഗോളി ഡേവിഡ് ഗെയയുടെ സേവുകള്‍ യുണൈറ്റഡിനെ രക്ഷിച്ചുവെന്ന് തന്നെ പറയാം. 22 ഷോട്ടുകളാണ് റോമന്‍ മുന്നേറ്റ നിര തൊടുത്തത്.
Also Read : ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
ആദ്യ പകുതിയില്‍ എഡിസണ് കവാനിയുടെ ഗോളില്‍ യുണൈറ്റഡ് മുന്നിലെത്തി. രണ്ടാം പകുതിയിലാണ് റോമയുടെ ഗോളുകള്‍ പിറന്നത്. എഡിന് സീക്കോ (57), ബ്രയാന്‍ ക്രിസ്റ്റന്റെ (60) എന്നിവരാണ് സ്കോറര്‍മാര്‍. 83-ാം മിനുറ്റില്‍ അലക്സ് ടെല്ലസിന്റെ സെല്‍ഫ് ഗോളാണ് റോമയ്ക്ക് വിജയം സമ്മാനിച്ചത്. കവാനി തന്നെയാണ് യുണൈറ്റഡിന്റെ രണ്ടാം ഗോളും നേടിയത്.
മറ്റൊരു സെമി പോരാട്ടത്തില്‍ ആഴ്സണലിനെ കീഴടക്കി വിയ്യാറയല്‍ ഫൈനലില്‍ എത്തി. രണ്ടാം പാദം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു. ആദ്യ പാദത്തില്‍ 2-1ന് നേടിയ വിജയമാണ് സ്പാനിഷ് ക്ലബ്ബിനെ തുണച്ചത്. മികച്ച മുന്നേറ്റങ്ങളുമായി ആഴ്സണല്‍ കളം നിറഞ്ഞെങ്കിലും ഗോളുകള്‍ പിറന്നില്ല. 27-ാം തീയതിയാണ് ഫൈനല്‍.