ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ മുൻ ചാപ്യന്മാരായ ലെസ്റ്റർ സിറ്റിയെയാണ് യുണൈറ്റഡ് തകർത്തത്. എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു ചുവന്ന ചെകുത്താന്മാരുടെ വിജയം.

വിജയ തുടർച്ച ലക്ഷ്യമിട്ട് ഇറങ്ങിയ യുണൈറ്റഡ് സ്വന്തം മൈതാനത്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പോൾ പോഗ്ബയും, ആന്റണി മാർഷ്യലും ലെസ്റ്റർ സിറ്റിയുടെ ബോക്സിൽ നിരന്തരം ഭീതി വിതച്ചു. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലെസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ കാസ്പെർ സ്മൈക്കൽ യുണൈറ്റഡിനെ തടഞ്ഞു.

എന്നാൽ രണ്ടാംപകുതിയിൽ പകരക്കാരനായി ഇറങ്ങിയ മാർക്കസ് റാഷ്ഫോർഡ് ലെസ്റ്റർ സിറ്റിയുടെ വലയിൽ പന്തെത്തിച്ചു. മിഖിത്താരിയന്റെ കോർണർ കിക്ക് വലയിലേക്ക് തിരിച്ച് വിട്ട് റാഷ്ഫോർഡ് യുണൈറ്റഡിന്റെ ഹീറോയായി. മത്സരത്തിന്റെ 70-ാം മിനിറ്റിലായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ.

82-ാം മിനിറ്റിൽ മൗറോൻ ഫെല്ലൈയ്നി യുണൈറ്റഡിന്റെ ലീഡ് രണ്ടായി ഉയർത്തി. ലിൻഗാർഡിന്റെ പാസ് കൃത്യമായി വലയിൽ എത്തിച്ചാണ് ഫെല്ലൈയ്നി ലെസ്റ്റർ വലകുലുക്കിയത്.

തുടർച്ചയായ 3 ജയങ്ങളോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മറ്റ് ഒരു ടീമിനും ആദ്യ 3 മത്സരങ്ങൾ ജയിക്കാൻ കഴിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ