മാഞ്ചസ്റ്റര്‍: സുവര്‍ണകാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന തിരിച്ചുവരവ്. അതായിരുന്നു ബ്രൈറ്റണെതിരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയിലെ മികവായിരുന്നു ഒലെ ഗണ്ണര്‍ക്കും കൂട്ടര്‍ക്കും വിജയം സമ്മാനിച്ചത്. ഇതോടെ രണ്ടാം സ്ഥാനം ബലപ്പെടുത്താനും യുണൈറ്റഡിനായി.
13-ാം മിനുറ്റില്‍ ഡാനി വെല്‍ബെക്കാണ് ബ്രൈറ്റണെ മുന്നിലെത്തിച്ചത്. യുണൈറ്റഡ് താരം പോള്‍ പോഗ്ബയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. മോപ്പെയുടെ അത്യുഗ്രന്‍ ക്രോസില്‍ വെല്‍ബെക്ക് തലവെച്ചു. ആദ്യം തടയാന്‍ ഹെന്‍ഡേഴ്സണായെങ്കിലും വെല്‍ബെക്കിന്റെ രണ്ടാം ഹെഡര്‍ ഗോള്‍ വര കടന്നു. ആദ്യ പകുതിയില്‍ മറുപടി നല്‍കാന്‍ യുണൈറ്റഡിനായില്ല.
Read More: വംശീയ അധിക്ഷേപം: വീണ്ടും കലുഷിതമായി ഫുട്ബോള്‍ മൈതാനം
62-ാം മിനുറ്റില്‍ ബ്രൈറ്റണ്‍ പ്രതിരോധം മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഭേദിച്ചു. ഗോളിന് വഴിയൊരുക്കിയത് ബ്രൂറോ ഫെര്‍ണാണ്ടസായിരുന്നു. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരം വിട്ടു കൊടുക്കാന്‍ യുണൈറ്റഡ് തയ്യാറല്ലായിരുന്നു. പോഗ്ബ തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റിയപ്പോള്‍ മാസന്‍ ഗ്രീന്‍വുഡ് ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. ബ്രൈറ്റണ്‍ ഗോളിയും പ്രതിരോധനിരയും ശ്രമിച്ചിട്ടും ഗോള്‍ തടയാനായില്ല.
നിലവില്‍ 20 മത്സരങ്ങളില്‍ നിന്ന് 60ത് പോയിന്റാണ് യുണൈറ്റഡിനുള്ളത്. 31 കളികളില്‍ നിന്ന് 74 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഏറെക്കുറെ കിരീടം ഉറപ്പിച്ചു കഴിഞ്ഞു. പോയിന്റ് പട്ടികയില്‍ ലെയ്സസ്റ്റര്‍ സിറ്റി മൂന്നാമതും ചെല്‍സി നാലാമതുമാണ്.