ഓൾഡ് ട്രോഫോർഡ്: എഫ്എ കപ്പിൽ സൂപ്പർ സൺഡേയിൽ ക്ലാസിക് പോരാട്ടത്തിൽ ലിവർപൂളിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെമ്പടയ്ക്കെതിരെ ചെകുത്താന്മാരുടെ ജയം. ജയത്തോടെ മാഞ്ചസ്റ്റർ അഞ്ചാം റൗണ്ടിൽ കടന്നു. ലിവർപൂൾ ടൂർണമെന്റിൽ നിന്നും പുറത്തായി.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇരു ടീമുകളും ലക്ഷ്യം ഗോളുകളും ജയവുമാണെന്ന് വ്യക്തമാക്കി. 18-ാം മിനിറ്റിൽ മുഹമ്മദ് സലായിലൂടെ ലിവർപൂളാണ് മത്സരത്തിൽ മുന്നിലെത്തിയത്. ബോക്സിനകത്ത് നിന്ന് ഈജിപ്ത്ഷ്യൻ താരം ചിപ് ചെയ്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. 26-ാം മിനിറ്റിൽ മേസൺ ഗ്രീൻവുഡ് മാഞ്ചസ്റ്ററിന് സമനില ഗോൾ നേടികൊടുത്തു. ഇതോടെ ആദ്യ പകുതി സമനിലയിൽ.
Also Read: തുടർച്ചയായി ഏഴ് മത്സരങ്ങളിൽ വിജയമില്ലാതെ ബെംഗളൂരു; ഒഡീഷയ്ക്കെതിരെ സമനില
രണ്ടാം പകുതിയിൽ ആദ്യം ഗോൾ നേടിയത് മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു. 48-ാം മിനിറ്റിൽ സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡാണ് ആതിഥേയർക്കായി ഗോൾ കണ്ടെത്തിയത്. പത്ത് മിനിറ്റുകൾക്കുള്ളിൽ ലിവർപൂർ തിരിച്ചടിച്ചു. ഇത്തവണയും മുഹമ്മദ് സലായാണ് സന്ദർശകർക്കായി ഗോൾ നേടിയത്.
എന്നാൽ 78-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി വിജയഗോൾ നേടി. പെനൽറ്റി ബോക്സിന് തൊട്ടടുത്ത് നിന്നും എഡിസൺ കവാനിയെ ഫാബീഞ്ഞോ വീഴ്ത്തിയതിന് യുനൈറ്റഡിന് അനുകൂലമായി റഫറി ഫ്രീകിക്ക് വിളിച്ചു. കിക്കെടുക്കാനെത്തിയ യുനൈറ്റഡിന്റെ സ്റ്റാർ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്തടിച്ചുകയറ്റി.
മത്സരത്തിലേക്ക് മടങ്ങി വരാൻ ലിവർപൂളിന് അവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിക്കാതെ വന്നതോടെ ലിവർപൂളിന് പരാജയം. പ്രീമിയർ ലീഗിൽ കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ ഒരു വിജയം പോലുമില്ലാത്ത ലിവർപൂളിന് ഈ പരാജയം ഇരുട്ടടിയായി.