മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ വഴങ്ങിയെ വമ്പന്‍ തോല്‍വിയില്‍ ടീമിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. മുഹമ്മദ് സലയുടെ ഹാട്രിക് മികവിലായിരുന്നു ലിവര്‍പൂളിന്റെ (5-0) ജയം. തോല്‍വിയോടെ യുണൈറ്റഡ് ലീഗില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ഒലെ ഗണ്ണര്‍ക്കും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല.
“ചിലപ്പോൾ പോരാടുന്നതിന്റെ ഫലമായിരിക്കില്ല നമുക്ക് ലഭിക്കുന്നത്. സ്കോർ നമ്മൾ ആഗ്രഹിക്കുന്ന ഒന്നായിരിക്കണമെന്നില്ല. ഇത് ഞങ്ങളുടെ കുഴപ്പം മാത്രമാണ്. കാരണം മറ്റാരെയും ഇതില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. നമ്മളുടെ ആരാധകര്‍ ഒരിക്കല്‍കൂടി പിന്തുണ നല്‍കി. അവര്‍ മികച്ചത് അര്‍ഹിക്കുന്നു, വളരെ മികച്ചത്. അത് നല്‍കാനുള്ള സമയമായിരിക്കുന്നു,” ക്രിസ്റ്റ്യാനൊ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രതിരോധ താരങ്ങളായ ലൂക്ക് ഷോ, നായകന്‍ ഹാരി മഗ്വര്‍ എന്നിവരുടെ പിഴവുകളാണ് യുണൈറ്റഡിന് തിരിച്ചടിയായത്. “ഞങ്ങള്‍ വളരെയധികം നിരാശയിലാണ്. ഒരുപാട് വേദനിപ്പിക്കുന്നു ഈ തോല്‍വി. ഫുട്ബോള്‍ കൂട്ടായ്മയുടേതാണ്. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും. പക്ഷെ പിഴവുകള്‍ക്ക് വ്യക്തഗതമായി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ഞാന്‍ എന്റെ മികച്ച പ്രകടനം നല്‍കിയില്ല. തിരുത്തേണ്ടതുണ്ട്,” ഷോ പറഞ്ഞു.
ശനിയാഴ്ച ടോട്ടനത്തിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.