യൂറോപ്പ ലീഗ് ആദ്യ പാദ സെമിയിൽ റോമയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. 6-2 ന്റെ വൻ വിജയമാണ് സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ മത്സരം കൈവിട്ടെന്ന് തോന്നിച്ച മാഞ്ചസ്റ്റർ രണ്ടാം പകുതിയിലാണ് വമ്പൻ തിരിച്ചു വരവ് നടത്തിയത്. ആദ്യ പകുതി അവസാനിച്ചപ്പോൾ 1-2 എന്ന നിലയിലായിരുന്നു ഗോൾ നില.
ഇന്നത്തെ മത്സരത്തിൽ ആദ്യ ലീഡ് സ്വന്തമാക്കിയത് മാഞ്ചസ്റ്റർ തന്നെയായിരുന്നു. ഒമ്പതാം മിനുട്ടിൽ ബ്രൂണൊ ഫെർണാണ്ടസിന്റെ ഗോളിലൂടെയാണ് മാഞ്ചസ്റ്റർ ലീഡ് കുറിച്ചത്. കവാനി നല്കിയ പാസ് ബ്രൂണോ ഫെര്ണാണ്ടസ് ചിപ്പ് ചെയ്ത് വലയിലേക്ക് റോമയുടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. ഈ സീസണിൽ ബ്രൂണോ സ്വന്തമാക്കുന്ന 25മത്തെ ഗോൾ ആയിരുന്നു ഇത്.
എന്നാൽ അധിക നേരം മാഞ്ചസ്റ്ററിന് ലീഡ് തുടരാൻ ആയില്ല. അഞ്ചു മിനിറ്റുകൾക്ക് ശേഷം പെനാൽറ്റി അവസരം ലഭിച്ച റോമ ആദ്യ ഗോൾ നേടി സമനിലയിൽ എത്തി. പോഗ്ബയുടെ ഹാൻഡ്ബോളാണ് റോമക്ക് പെനാൽറ്റി അവസരം നൽകിയത്. പെലഗ്രിനി അവസരം മുതലാക്കി ബോൾ മാഞ്ചസ്റ്ററിന്റെ വലയിലെത്തിച്ചു. 34മത്തെ മിനിറ്റിൽ കൗണ്ടർ ഗോളിലൂടെ ജൊക്കോ റോമക്ക് ലീഡ് നേടി കൊടുത്തു.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൂണൊ ഫെർണാണ്ടസ് നൽകിയ പാസിലൂടെ കവാനി യുണൈറ്റഡിനായി സമനില ഗോൾ നേടി. അധികം വൈകാതെ 64മത്തെ മിനിറ്റിൽ കവാനി അടുത്ത ഗോളും സ്വന്തമാക്കി ലീഡ് ഉയർത്തി.70മത്തെ മിനിറ്റിൽ കവാനിക്ക് എതിരെയുള്ള സ്മാളിങ്ങിന്റെ ഫൗളിൽ പെനാൽറ്റി ലഭിച്ച മാഞ്ചസ്റ്റർ നാലാം ഗോളും സ്വന്തമാക്കിയതോടെ സ്കോർ 4-2ൽ എത്തി. ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്.
ഒട്ടും വൈകാതെ മാഞ്ചസ്റ്റർ തങ്ങളുടെ അഞ്ചാം ഗോളും റോമയുടെ വലയിൽ എത്തിച്ചു. ഈ പ്രാവശ്യം ബ്രൂണോയുടെ പാസ് ഹെഡ്ഡറിലൂടെ ഗോൾ ആക്കിയത് പോഗ്ബ ആയിരുന്നു. അതിനു ശേഷം പകരക്കാരനായെത്തിയ മേസൺ ഗ്രീൻവുഡ് വലകുലുക്കി. എഡിസൻ കവാനിയുടെ പാസിലൂടെയായിരുന്നു ഗ്രീൻവുഡിന്റെ ഗോൾ.
ഇതിനു മുൻപ് 2007ല് സമാനമായ പരാജയം റോമക്ക് സംഭവിച്ചിരുന്നു. അന്ന് 7-1ന് ആയിരുന്നു റോമയുടെ തോൽവി.