ലണ്ടന്‍: കരബാവോ കപ്പില്‍ പ്രീമിയര്‍ ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡര്‍ബി കൗണ്ടിയോട് പരാജയപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. മത്സരം രണ്ട് ഗോളുകളുടെ സമനിലയിലായതോടെ പെനാല്‍റ്റി കിക്കിലേക്ക് കടക്കുകയായിരുന്നു.

ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയെ ബഞ്ചിലിരുത്തിച്ച മത്സരത്തില്‍ ആദ്യ ഗോള്‍ കണ്ടെത്തിയത് ഹുവാന്‍ മാറ്റയാണ്. മൂന്നാം മിനിറ്റില്‍ മാറ്റ കണ്ടെത്തിയ ഗോളിന്റെ മികവില്‍ ആദ്യ പകുതി മാഞ്ചസ്റ്റര്‍ ക്ലബ്ബിന് അനുകൂലമായിരുന്നു. 59-ാം മിനിറ്റില്‍ ഹാരി വില്‍സണിലൂടെ ഡര്‍ബി കൗണ്ടി സമനില കണ്ടെത്തി. 67-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിയായി.

85-ാം മിനിറ്റില്‍ ജാക്ക് മാരിയോട്ടിലൂടെ മറ്റൊരു ഗോള്‍ കൂടി കണ്ടെത്തി മുന്‍ ഇംഗ്ലീഷ് നായകന്‍ ഫ്രാങ്ക് ലാമ്പാര്‍ഡ് പരിശീലിപ്പിക്കുന്ന ക്ലബ്ബ് മുന്നിലെത്തി. 90 മിനിറ്റ് കഴിഞ്ഞുള്ള അധികസമയത്തില്‍ ബെല്‍ജിയന്‍ താരം ഫെല്ലനിയുടെ മികവില്‍ മാഞ്ചസ്റ്റര്‍ മടങ്ങിവന്നു.

സമനില പിടിച്ച മത്സരം പെനാല്‍റ്റിയില്‍ കലാശിച്ചെങ്കിലും വിജയം പ്രീമിയര്‍ ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബിനായിരുന്നു. സീസണില്‍ കടുത്ത പരാജയങ്ങളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്തേക്ക് പുറംതള്ളപ്പെട്ടതോടെ പരിശീലകന്‍ ഹോസെ മൊറീഞ്ഞോയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

അതേസമയം ഇന്നലത്തെ മത്സരത്തില്‍ പോള്‍ പോഗ്ബയെ ഒഴിവാക്കിയതടക്കമുള്ള തീരുമാനങ്ങള്‍ക്കെതിരെ കനത്ത വിമര്‍ശനമാണ് നേരിടുന്നത്. പോര്‍ച്ചുഗീസ് പരിശീലകനും മധ്യനിരതാരവും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തുവരികയാണ്. പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടാം ക്യാപ്റ്റന്‍ അല്ല എന്നാണ് കഴിഞ്ഞ ദിവസം മൊറീഞ്ഞോ പ്രതികരിച്ചത്. പരിശീലകന്റെ ഡിഫന്‍സീവ് ശൈലിയെ ചൊല്ലി ടീമിന് അമര്‍ഷമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook