ലണ്ടണ്‍: ഇംഗ്ലീഷ് ലീഗ് കപ്പ് എന്നറിയപ്പെടുന്ന കരബാവോ കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി കലാശപ്പോരാട്ടത്തില്‍ കീഴടക്കിയത്. അധിക സമയത്തേക്ക് നീണ്ടുപോകുമെന്ന് കരുതിയ മത്സരത്തിന്റെ 82-ാം മിനിറ്റില്‍ അയ്മെറിക്ക് ലപ്പോര്‍ട്ടെ ടോട്ടനത്തിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സിറ്റി 21 ഷോട്ടുകളാണ് മത്സരത്തില്‍ ഉതിര്‍ത്തത്. ടോട്ടനം മടക്കിയത് വെറും രണ്ട് ഷോട്ടുകളും. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിപ്പിക്കാന്‍ ടോട്ടനത്തിന്റെ പ്രതിരോധ നിരയ്ക്കായി. എന്നാല്‍ കെവിന് ഡി ബ്രൂയിനിന്റേയും റിയാദ് മഹെരസിന്റേയും പ്രകടനങ്ങള്‍ക്ക് മുന്നില്‍ ടോട്ടനത്തിന് മറുപടി നല്‍കാനായില്ല.
Also Read: IPL 2021 SRH vs DC: സൂപ്പർ ഓവറിൽ ജയം സ്വന്തമാക്കി ഡൽഹി
രണ്ട് തവണ ടോട്ടനം താരങ്ങളെ ഫൗള്‍ ചെയ്തിട്ടും കളി തുടരാന്‍ ലപോര്‍ട്ടയ്ക്ക് സാധിച്ചു. വിജയഗോള്‍ നേടാന്‍ മാറ്റി വച്ചതുപോലെയായിരുന്നു. 81-ാം മിനിറ്റിലാണ് സിറ്റിക്ക് കോര്‍ണര്‍ ലഭിച്ചത്. കിക്കെടുത്ത ഡി ബ്രൂയിന് തെറ്റിയില്ല. ലെപ്പോര്ട്ടയുടെ അത്യുഗ്രന്‍ ഹെഡര്‍. ടോട്ടനം ഗോളി ലോറിസ് നിസഹായനായി നിന്നു.
ഇത് നാലാം തവണയാണ് സിറ്റി കരബാവോ കപ്പ് സ്വന്തമാക്കുന്നത്. ഇനി സീസണില്‍ സിറ്റിക്ക് മുന്നിലുളളത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും, ചാമ്പ്യന്‍സ് ലീഗുമാണ്. അത്ഭുതങ്ങളും അട്ടിമറികളും സംഭവിച്ചില്ലെങ്കിൽ പ്രീമിയര്‍ ലീഗ് സിറ്റിക്ക് നേടാം. ചാമ്പ്യന്‍സ് ലീഗില്‍ പെപ് ഗ്വാര്‍ഡിയോളയും സംഘവും സെമിയിലെത്തിയിട്ടുണ്ട്.