ലണ്ടൻ: കിരീട വരൾച്ച അവസാനിപ്പിക്കാനായി രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് പെപ് ഗ്വാർഡിയോള. അടുത്ത സീസൺ ആരംഭിക്കുന്നതിന് മുൻപ് മികച്ച താരങ്ങളെ ടീമിലെത്തിച്ചാണ് ഗ്വാർഡിയോള മറ്റു പരിശീലകരെ ഞെട്ടിച്ചിരിക്കുന്നത്. അദ്ഭുത ഗോൾകീപ്പർ എന്ന് വിശേഷണമുള്ള 23 വയസ്സുകാരൻ എഡേഴ്സണെയാണ് മാഞ്ചസ്റ്റർ സിറ്റി പുതിയതായി ടീമിൽ എത്തിച്ചിരിക്കുന്നത്.

34.7 മില്യൺ യൂറോയ്ക്കാണ് പോർച്ചുഗീസ് ക്ലബായ ബെൻഫീക്കയിൽ നിന്ന് എഡേഴ്സണെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ഒരു ഗോൾകീപ്പർക്ക് ലഭിക്കുന്ന​ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണ് എഡേഴ്സണ് ലഭിച്ചിരിക്കുന്നത്. 33 മില്യൺ യുറോ ലഭിച്ച ജിയാൻലൂജി ബുഫണായിരിന്നു ഇതിന് മുൻപത്തെ വിലയേറിയ ഗോൾകീപ്പർ. ബ്രസീൽ താരമാണ് എഡേഴ്സൺ.

നേരത്തെ മൊണാക്കോയിൽ നിന്ന് ബെർണ്ണാഡോ സിൽവയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു. 43 മില്യൺ യൂറോയ്ക്കാണ് ഭാവി മെസി എന്നറിയപ്പെടുന്ന ബെർണ്ണാഡോ സിൽവയെ ഗ്വാർഡിയോള ടീമിൽ എത്തിച്ചത്. ആഴ്സണൽ താരമായ അലക്സിസ് സാഞ്ചസിനെ ടീമിലെത്തിക്കാനും സിറ്റി ശ്രമിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ