ലണ്ടൻ: മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സിറ്റിയെ തോൽപ്പിച്ചത്. രണ്ട് ഗോളിന് പിന്നിൽ ശേഷമാണ് യുണൈറ്റഡ് അവിസ്മരണീയ തിരിച്ചുവരവ് നടത്തിയത്. പ്രതിരോധനിര താരം ക്രിസ് സ്മോളിങ്ങാണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്.

സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരം പ്രിമിയർ ലീഗ് ഈ സീസൺ കണ്ട മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു. ആദ്യപകുതിയിൽ സർവ്വാധിപത്വം പുലർത്തിയ സിറ്റി യുണൈറ്റഡിനെ ഇടംവലം തിരിയാൻ സമ്മതിച്ചില്ല. 25 ആം മിനുറ്റിൽ കോർണ്ണർ കിക്കിൽ തലവെച്ച് വിൻസെന്റ് കംമ്പനി സിറ്റിക്ക് ലീഡ് നൽകി. 30 ആം മിനുറ്റിൽ തകർപ്പൻ ഫിനിഷിലൂടെ ഐക്കർ ഗുണ്ടഗോൻ സിറ്റിയുടെ ലീഡ് രണ്ടായി ഉയർത്തി.

എന്നാൽ രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചെത്തി. 53,55 മിനുറ്റുകളിൽ സിറ്റിയുടെ ഗോൾവല കുലുക്കി പോൾ പോഗ്ബ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു.

വിജയഗോളിനായി ഇരുടീമുകളും പൊരുതിക്കളിച്ചതോടെ മത്സരം ആവേശകരമായി. 69 ആം മിനുറ്റിൽ അലക്സിസ് സാഞ്ചസിന്റെ ഫ്രീകിക്ക് സിറ്റി വലയിൽ നിക്ഷേപിച്ച് ക്രിസ് സ്മോളിങ് യുണൈറ്റഡിന് അഭിമാന വിജയം സമ്മാനിക്കുകയായിരുന്നു. അവസാന മിനുറ്റുകളിൽ സമനില പിടിക്കാൻ സിറ്റി സകല അടവുകളും പയറ്റിയെങ്കിലും ഡേവിഡ് ഡിഗെയയുടെ തകർപ്പൻ സേവുകൾ യുണൈറ്റഡിനെ കാത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ