ഇന്ത്യയുടെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായി പിവി സിന്ധു ആഘോഷിക്കപ്പെടുകയാണ്. എന്നാല്‍ സിന്ധുവിന്റെ വിജയത്തിനിടയില്‍ രാജ്യം മറ്റൊരു പേര് മറക്കുകയാണ്. സിന്ധു കിരീടം ഉയര്‍ത്തുന്നതിനും ഒരു ദിവസം മുമ്പ് ലോക കിരീടം നേടിയ മാന്‍സി ജോഷി എന്ന താരത്തെ. പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയാണ് മാന്‍സി രാജ്യത്തിന്റെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായത്. പരുല്‍ പാര്‍മറിനെ പരാജയപ്പെടുത്തിയാണ് മാന്‍സി ചാമ്പ്യനായത്.

Read More: ഇന്ത്യയുടെ ‘സിന്ധു’; ലോക ബാഡ്‌മി‌ന്റ‌ൺ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം, ചരിത്രനേട്ടം

പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൊത്തം പ്രകടനം തന്നെ രാജ്യത്തിന് അഭിമാനം നല്‍കുന്നതായിരുന്നു. 12 മെഡലുകളാണ് ഇന്ത്യ നേടിയത്. എന്നാല്‍ പിവി സിന്ധുവിന് രാജകീയ സ്വീകരണം ലഭിച്ചപ്പോള്‍, അര്‍ഹിക്കുന്നത് തന്നെ, മാന്‍സിയെ മറ്റ് താരങ്ങളേയും എല്ലാവരും മറന്നു. സിന്ധുവിനെ ഉച്ചഭക്ഷണത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു.


തങ്ങളോട് കാണിച്ച വിവേചനത്തെ കുറിച്ച് വെങ്കല മെഡല്‍ ജേതാവായ സുകന്ത് കദം ട്വിറ്ററിലൂടെ തുറന്നടിച്ചു. സിന്ധുവിനൊപ്പമുള്ള മോദിയുടെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്.

”ബഹുമാനപ്പെട്ട നരേന്ദ്രമോദി സര്‍, ഞങ്ങള്‍ പാര ബാഡ്മിന്റണ്‍ താരങ്ങള്‍ 12 മെഡലുകളാണ് നേടിയത്. ഞങ്ങള്‍ക്കും നിങ്ങളുടെ അനുഗ്രഹം വേണം. ഞങ്ങളെ നിങ്ങളെ കാണാന്‍ അനുവദിക്കണം” കദം ട്വീറ്റ് ചെയ്തു. സംഭവം മറ്റുള്ളവരും ഏറ്റെടുത്തു. പിവി സിന്ധുവിന്റെ മെഡല്‍ നേട്ടത്തിനിടെ മാന്‍സിയെ നമ്മള്‍ മറന്നെന്ന് കിരണ്‍ ബേദിയടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തു.


ഇതോടെ പ്രധാനമന്ത്രി പ്രതികരണവുമായെത്തി. ഇന്ത്യയുടെ പാരാ ബാഡ്മിന്റണ്‍ ടീം രാജ്യത്തിന്റെ അഭിമാനമാണെന്നും എല്ലാവരേയും അഭിനന്ദിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു.


2015 ല്‍ ഇംഗ്ലണ്ടില്‍ നടന്ന പാരാ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് ഡബിള്‍സില്‍ വെള്ളിയും 2017 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സിംഗിള്‍സ് വിഭാഗത്തില്‍ വെങ്കല മെഡലും മാനസി നേടിയിരുന്നു. 2011ല്‍ ജോലിക്ക് പോകുന്ന വഴിയില്‍ ഒരു അപകടത്തെ തുടര്‍ന്നാണ് മാനസിയുടെ ഇടത്കാല്‍ മുറിച്ച് നീക്കേണ്ടി വന്നത്. ഇതോടെ പ്രോസ്റ്റെറ്റിക് കൈകാലുകള്‍ ധരിച്ച് മാനസി ബാഡ്മിന്റണ്‍ പരിശീലനം തുടങ്ങുകയായിരുന്നു.

Also Read: ആ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിജയം: പി.വി.സിന്ധു
‘ഇതിനായി വളരെ കഠിനാധ്വാനം ചെയ്തു, വിയര്‍പ്പും കഠിനാധ്വാനവും എല്ലാം ഫലം കണ്ടതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പുകളിലെ എന്റെ ആദ്യ സ്വര്‍ണ്ണമാണിത്’ എന്ന പ്രതികരണത്തോടൊപ്പം സിന്ധുവിനെ അഭിനന്ദിക്കാനും മാനസി മറന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook