ടുറിന്: ഒരു പതിറ്റാണ്ടോളമായി ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് നിലനിര്‍ത്തുന്ന ആധിപത്യം ഇത്തവണ തകര്‍ന്നു. എസി മിലാനോട് മറുപടിയില്ലാത്ത മൂന്ന് ഗോളിന് സ്വന്തം മൈതാനത്ത് തകര്‍ന്നടിഞ്ഞു ചാമ്പ്യന്മാര്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള സാധ്യതകള്‍ക്കും മങ്ങലേറ്റു. ഈ സാഹചര്യത്തിലാണ് മുഖ്യ പരിശീലകനും മുന്‍ യുവന്റസ് താരവുമായ അന്ദ്രെ പിര്‍ലോ പ്രതികരണവുമായി രംഗത്തെത്തിയത്.
പിരശീലക സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം പിര്‍ലോയ്ക്ക് ഉണ്ടായിരുന്നു. “ഞാന്‍ ഈ ജോലി തിരഞ്ഞെടുത്തത് വളരെ ആവേശത്തോട് കൂടിയാണ്. ഒരുപാട് പ്രതിസന്ധികളുണ്ട്, പക്ഷെ ഞാന്‍ മുന്നോട്ട് പോവുകയാണ്. എനിക്ക് ഇതിലും മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടീമൊന്നായി അതിജീവിക്കും. എനിക്ക് അനുവാദം ഉള്ള കാലം വരെയും ജോലി തുടരും,” പിര്‍ലോ പറഞ്ഞു.
Also Read : ‘3-2’; ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ജയം പ്രവചിച്ച് രാഹുൽ ദ്രാവിഡ്
ലീഗില്‍ യുവന്റസിന് ആശ്വസമായി നിലനില്‍ക്കുന്നത് ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ പ്രകടനം മാത്രമാണ്. 27 ഗോളുകളുമായി ഗോള്‍ വേട്ടക്കാരില്‍ ഒന്നമതാണ് സൂപ്പര്‍ താരം. പക്ഷെ ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട തിരിച്ചടിയില്‍ റൊണാള്‍ഡോയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പക്ഷെ താരത്തിന് പിന്തുണയുമായി പരിശീലകന് പിര്‍ലോ രംഗത്തെത്തിയിരുന്നു.
നിലവില്‍ ലീഗ് കിരീടം ഇന്റര്‍ മിലാന് ഉറപ്പിച്ചിരിക്കുകയാണ്. 35 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റാണ് ഇൻ്ററിനുള്ളത്. മൂന്ന് മത്സരം മാത്രം ബാക്കി നില്‍ക്കെ രണ്ടാമതുള്ള അറ്റലാന്റയക്ക് 74 പോയിന്റ് മാത്രമാണ് നേടാനായത്. യുവന്റസിനെ കീഴടക്കി എസി മിലാന് മൂന്നാം സ്ഥാനത്തേക്കെത്തി. നാപോളിയാണ് നാലാമത്.