മാഞ്ചസ്റ്റർ: ഗോൾമഴപെയ്ത ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഫ്രഞ്ച് ക്ലബായ മോണക്കോയെ തകർത്ത് വിട്ടത്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൊണാക്കോയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് സിറ്റി വിജയം നേടിയത്. മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബയൺ ലെവർക്യൂസനെ തകർത്തു.

പ്രീക്വാർട്ടറിലെ ആദ്യ പാദ പോരട്ടത്തിൽ 28-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ് നേടിയ ഗോളിലൂടെ സിറ്റിയാണ് ആദ്യം മുന്നിൽ എത്തിയത്. എന്നാൽ 32-ാം മിനിറ്റിൽ​ സൂപ്പർ താരം റാഡമൽ ഫാൽക്കാവോയുടെ ഗോളിലൂടെ മൊണാക്കോ ഒപ്പമെത്തി. 40-ാം മിനിറ്റിൽ മധ്യനിരക്കാരൻ ലോറ്റിന്റെ ഗോളിലൂടെ മൊണാക്കോ അപ്രതീക്ഷിത ലീഡ് നേടി.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ എണ്ണം പറഞ്ഞൊരു ഗോളീലൂടെ സെർജിയോ അഗ്വേറോ സിറ്റിക്കായി സമനില പിടിച്ചു. പക്ഷേ ഫാൽക്കാവോയുടെ മാന്ത്രിക ബൂട്ടുകൾ മൊണാക്കോയ്ക്ക് ഒരിക്കൽക്കൂടി സിറ്റി വല ചലിപ്പിച്ചു.

തോൽവി മണത്ത പെപ് ഗ്വാർഡിയോളയുടെ കുട്ടികൾ സർവ അടവുകളും പുറത്തെടുത്തതോടെ മൊണോക്കയുടെ പ്രതിരോധത്തിൽ വിള്ളൽ വീണു.​ അടുത്തടുത്ത മിനിറ്റുകളിൽ സെർജിയോ അഗ്വേറോയും ജോൺ സ്റ്റോൺസും ലക്ഷ്യം കണ്ടതോടെ സിറ്റി വിജയം ഉറപ്പിച്ചു. 82-ാം മിനിറ്റിൽ ലിയരോയ് സാനയും ലക്ഷ്യം കണ്ടതോടെ സിറ്റി മൊണാക്കോ വധം പൂർത്തിയാക്കി.

ജർമ്മൻ ക്ലബായ ബയേർ ലെവക്യുസനെ നേരിട്ട അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയം ആഘോഷിച്ചത്. ലെവർക്യൂസന്രെ മൈതാനത്ത് നടന്ന മത്സരത്തിൽ അന്റോണിയോ ഗ്രീൻസ്മാൻ, ഫെർണ്ണാൺഡോ ടോറസ്, സോൺ നിഗ്വസ്, കെവിൻ ഗെമെയ്റോ എന്നിവരാണ് ഗോളുകൾ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ