ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തോടെ ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ഏകദിന ക്രിക്കറ്റിനോട് വിടപറയുന്നു. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ക്രിക്കറ്റ് മതിയാക്കുന്നത്. മലിംഗയുടെ വിരമിക്കൽ ശ്രീലങ്കയെ സംബന്ധിച്ചടുത്തോളം അവരുടെ സുവർണ കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ കുറെയേറെ നാളുകളായി ശ്രീലങ്കയുടെ മുഖമായിരുന്നു മലിംഗ. നിർണായകമായ ഓരോ വിജയങ്ങളിലും മലിംഗയുടെ കൈയ്യൊപ്പുണ്ടായിരുന്നു. ലോകത്തെ പേരുകേട്ട ബാറ്റിങ് നിരയെ വ്യത്യസ്തമായ ബോളിങ് ആക്ഷനിലൂടെയും വേഗതയേറിയ പന്തുകളിലൂടെയും മലിംഗ നേരിട്ടു. കൃത്യതയാർന്ന യോർക്കറുകളായിരുന്നു മലിംഗയുടെ പ്രധാന സവിശേഷത.
രണ്ട് തവണ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് മലിംഗ. 2007ലും 2011ലും ലോകകപ്പ് കലാശപോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും കിരീടം കൈവിട്ടുപോയി. 2009ലും 2012ലും ടി20 ലോകകപ്പ് ഫൈനലിലും ശ്രീലങ്ക പരാജയപ്പെട്ടു. 2014ൽ ആ കിരീടം ശ്രീലങ്ക സ്വന്തമാക്കുകയും ചെയ്തു. മലിംഗയുടെ കിരീട നേട്ടവും അതിൽ അവസാനിച്ചു.
മലിംഗയുടെ ഏകദിന അരങ്ങേറ്റം 2004ലായിരുന്നു. 219 ഇന്നിങ്സുകളിൽ നിന്നായി 335 വിക്കറ്റുകളാണ് മലിംഗ ഏകദിനത്തിൽ വീഴ്ത്തിയത്. ശ്രീലങ്കയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് മലിംഗ. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ രണ്ട് തവണ ഹാട്രിക് നേടിയ ഏക താരവും മലിംഗയാണ്. തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയും മലിംഗ ചരിത്രത്തിന്റെ ഭാഗമായി. ലോകകപ്പില്‍ മാത്രം 56 വിക്കറ്റുകൾ താരം സ്വന്തമാക്കി.
2011ൽ ടെസ്റ്റ് മത്സരങ്ങൾ അവസാനിപ്പിച്ച മലിംഗ ടി20 മത്സരങ്ങളിൽ ഇനിയും ലങ്കൻ കുപ്പായം അണിയും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന താരമാണ് 35കാരനായ മലിംഗ.