ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ഹോക്കി ലീഗ് സെമി ഫൈനല്‍ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മലേഷ്യയോട് 2ന് എതിരെ 3 ഗോളുകള്‍ക്കാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ലോക ഹോക്കിയില്‍ 14 ാം സ്ഥാനത്തുള്ള മലേഷ്യയോടുള്ള ഇന്ത്യയുടെ തോല്‍വി ഞെട്ടിക്കുന്നതാണ്.
ഗോള്‍ രഹിതമായ ആദ്യ പാദത്തിന് ശേഷം ആക്രമണഹോക്കിയുടെ കെട്ടഴിച്ച മലേഷ്യ 2 മിനുറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. 19 ാം മിനുറ്റില്‍ റഹീം റസീയും, 20 ാം മിനുറ്റില്‍ താജ്ജുദ്ദിന്‍ തെങ്കുവും മലേഷ്യക്കായി ലക്ഷ്യം കണ്ടു. രണ്ട് ഗോളുകളും പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു. 2 ഗോളിന് പിന്നിലായതോടെ ഉണര്‍ന്ന കളിച്ച ഇന്ത്യന്‍ മുന്നേറ്റ നിര അതേനാണയത്തില്‍ തിരിച്ചടിച്ചു. 24, 26 മിനുറ്റികളില്‍ രമണ്‍ദീപ് സിംഗിന്റെ ഇരട്ട പ്രഹരം ഇന്ത്യയെ ഒപ്പമെത്തിച്ചു.
സമനില നേടിയതിന് പിന്നാലെ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ മുനയൊടിഞ്ഞു. മധ്യനിര കളിമറന്നപ്പോള്‍ മുന്നേറ്റനിര സ്‌കൂള്‍ കുട്ടികളുടെ നിലവാരത്തില്‍ അവസരം തുലയ്ക്കാന്‍ മത്സരിച്ചു. നിര്‍ണ്ണായകമായ നാലാം പാദത്തില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് റഹീം റാസീ മലേഷ്യക്ക് ലീഡ് സമ്മാനിച്ചു. ഗോള്‍ മടക്കാനുള്ള തിടുക്കത്തില്‍ ഇന്ത്യന്‍ പ്രതിരോധനിര കൂടി മുന്നിലേക്ക് നീങ്ങി കളിച്ചതോടെ മലേഷ്യന്‍ സംഘം ഇന്ത്യന്‍ പകുതിയില്‍ കൂടുതല്‍ ആശങ്ക വിതച്ചു. അവസാന നിമിഷങ്ങളില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ ആകാശ്ദീപിനും രമണ്‍ദീപിനും കഴിയാതെ വന്നതോടെ തങ്ങളെക്കാള്‍ റാങ്കിങ്ങില്‍ 8 സ്ഥാനങ്ങള്‍ പിന്നിലുള്ള മലേഷ്യയോടെ തോല്‍വി വഴങ്ങേണ്ടി വന്നു. ജയത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് മലേഷ്യ യോഗ്യത നേടി.
ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ശ്രീജേഷിന്റെ അഭാവം ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യക്ക് തിരച്ചടിയായി. ലീഗ് റൗണ്ടില്‍ താരതമ്യേനെ ദുര്‍ബലരായ സ്‌കോട്ട്‌ലന്‍ഡ്, കാനഡ, പാകിസ്ഥാന്‍ ടീമുകളോട് മികച്ച മാര്‍ജിനില്‍ വിജയിച്ചെങ്കിലും കരുത്തരായ ഹോളണ്ടിനോട് തോല്‍വി വഴങ്ങിയിരുന്നു. ടൂര്‍ണമെന്റിലെ മിക്ക മത്സരങ്ങളിലും ആകാശ് ചിക്തെ, വികാസ് ദാഹിയാ എന്നീ യുവ താരങ്ങളാണ് ഇന്ത്യയുടെ വലകാത്തത്. ചില ശ്രദ്ദേയമേയ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ടെങ്കിലും വലിയ മത്സരങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ യുവ താരങ്ങള്‍ക്ക് കൂടുതല്‍ മത്സര പരിചയം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ പ്രകടനം.