scorecardresearch

മലയാളി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വരും സീസണില്‍ ശ്രദ്ധേയരാകുന്ന മലയാളി താരങ്ങള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണില്‍ ശ്രദ്ധേയരാവാന്‍ പോകുന്ന മലയാളി താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം

മലയാളി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വരും സീസണില്‍ ശ്രദ്ധേയരാകുന്ന മലയാളി താരങ്ങള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആദ്യ സീസണ്‍ മുതല്‍ ചില മലയാളി സാന്നിദ്ധ്യങ്ങള്‍ ശ്രദ്ധേയമായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരമായി മാറിയ  സികെ വിനീതും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ഗോള്‍ വല കാക്കുന റെഹനേഷും,  പ്രതിരോധനിരയിലെ ഉരുക്കുകോട്ടയായ അനസ് ഇടത്തോടിക്കയും ഹെഡറുകളിലൂടെ ഗോള്‍ വല കുലുക്കുന്ന മുഹമ്മദ്‌ റാഫിയും മുതല്‍ പല മലയാളി താരങ്ങളും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്രദ്ധേയരായിട്ടുണ്ട്.  വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണില്‍ ശ്രദ്ധേയരാവാന്‍  പോകുന്ന മലയാളി താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം :

അനസ് ഇടത്തോടിക്ക 

കേരളത്തിലെ ഫുട്ബാള്‍ പ്രേമികള്‍ക്ക്ക  സുപരിചിതനായ ഈ മലപ്പുറംകാരന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാള്‍ കൂടിയാണ്. ഡല്‍ഹി ഡൈനാമോസിലൂടെ 2015ല്‍ ഐഎസ്എല്ലില്‍ അരങ്ങേറിയ അനസ് ഇടത്തോടിക്ക ഏറെ വൈകാതെ തന്നെ കൊച്ച് റോബര്‍ട്ടോ കാര്‍ലോസിനു പ്രിയപ്പെട്ടവനായി. സെന്‍റര്‍ ബാക്കില്‍ അനസുണ്ട് എങ്കില്‍ എത്ര അക്രമാസക്തനായ കളിക്കാരനും ഒന്ന് പാളും. അസാധ്യമായ ഒതുക്കത്തോടെയുള്ള ടാക്കിളുകളും ക്ലിയറന്‍സും അനസിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫണ്ടറാക്കുന്നു. 2016-17 സീസണ്‍ ഐ ലീഗില്‍ ഇന്ത്യയില്‍ ഏറ്റവും പഴക്കം ചെന്നായ മോഹന്‍ ബഗാനുവേണ്ടി ബൂട്ടണിഞ്ഞ അനസ്. ഐഎസ്എല്‍ എഎഫ്‌സി പോരാട്ടങ്ങളില്‍ ക്ലബ്ബിന്‍റെ പ്രതിരോധനിരയെ ചുക്കാന്‍പിടിച്ചു.

Anas Edathodika

മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ ആരവമുയര്‍ത്തിയ അനസ് 2011ല്‍ പൂനൈ എഫ്‌സിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോള്‍ രംഗത്ത് പ്രവേശിക്കുന്നത്. 2013ല്‍ ക്ലബ്ബിന്‍റെ നായകസ്ഥാനത്തു നിന്നും അനസ് പടിയിറങ്ങിയത് എക്കാലത്തെയും പ്രിയപ്പെട്ട ഡിഫണ്ടര്‍മാരിലൊരാളായ റോബര്‍ട്ടോ കാര്‍ലോസിന്‍റെ ടീമിനായി ബൂട്ടണിയാനായിരുന്നു.

ഏറെ വൈകി 2017 ലാണ് അനസിനെ കാത്ത് ഇന്ത്യന്‍ ടീം ജേഴ്സിയെത്തുന്നത്. അന്ന് മുതല്‍ ദേശീയ ടീമിലെ സ്ഥിരസാന്നിദ്ധ്യമാണ് ഈ മുപ്പതുകാരന്‍. ഐഎസ്എല്ലിന്‍റെ പുതിയ സീസണില്‍ ജംഷാദ്പൂര്‍ എഫ്സിക്കു വേണ്ടിയാണ് അനസ് ബൂട്ടണിയുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെയെത്തിച്ച സ്റ്റീവ് കൊപ്പല്‍ ഹെഡ് കോച്ചായ പുതിയ ക്ലബ്ബില്‍ അനസിനെ കാത്തിരിക്കുന്ന ചുമതല ചെറുതാവില്ല. ടീം ഏതായാലും അനസ് എന്ന ഉരുക്കുകോട്ട ഉറച്ചുതന്നെയുണ്ടാവും. തന്മയത്വത്തോടെയുള്ള ടാക്കിളുകളിലും ഹെഡറുകളിലും പ്രതിജ്ഞാബദ്ധമായ ക്ലിയറന്‍സുകളിലും ഒളിച്ചുവെച്ച സൗന്ദര്യം അനസ് ഇടത്തോടിക്ക എന്ന മലപ്പുറംകാരനെ ലോകോത്തരമാക്കുന്നു.

സികെ വിനീത്
കണ്ണൂരിലെ വേങ്ങാട് സ്വദേശിയായ ചെക്കിയോട്ട് കിഴക്കേവീട്ടില്‍ വിനീതിനു ഇന്ന് മലയാളി ഫുട്ബോള്‍ ആരാദകരുടെ മനസ്സിലുള്ളത് ഒരു കാലത്ത് ഐഎം വിജയനും ജോ പോള്‍ അഞ്ചേരിയും വിപി സത്യനുമൊക്കെ അലങ്കരിച്ച അതേ സ്ഥാനമാണ് എന്ന് പറയുന്നത് ഒട്ടും അതിശയോക്തിയാവില്ല. നവോദയ വിദ്യാലയത്തിലെ കായിക വിദ്യാഭ്യാസത്തിലൂടെ ഫുട്ബോളിന്‍റെ ലോകത്തേക്ക് പ്രവേശിച്ച വിനീതിനെ ഒരു പ്രൊഫഷണല്‍ ഫുട്ബാള്‍ കളിക്കാരാന്‍ ആകാന്‍ പ്രേരിപ്പിക്കുന്നത് ഐഎം വിജയന്‍റെ ഒരു ഗോളാണ്. 1995ലെ സിസ്സേഴ്സ് കപ്പില്‍ മലേഷ്യന്‍ ക്ലബ്ബായ പെര്‍ലീസിനെതിരെ ജെഎസ്ടിക്കു വേണ്ടി സിസ്സര്‍ കട്ടിലൂടെ ഗോള്‍ നേടിയ ‘വിജയഗാഥ’ നെഞ്ചിലേറ്റിയ വിനീത്. 2010-11ലെ ഐലീഗ് സീസണില്‍ ചിരാഗ് യുണൈറ്റഡ് കേരളയ്ക്ക് വേണ്ടിയാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറുന്നത്. അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടിയ ഇരുപത്തിരണ്ടുകാരന്‍ അന്നേ വര്‍ഷം എട്ടു ഗോളുകളാണ് സ്വന്തം പെരില്‍ കുറിക്കുന്നത്. അടുത്ത സീസണില്‍ പ്രയാഗ് യുണൈറ്റഡിലേക്ക് ചേക്കേറിയ വിനീത് ഏഴു ഗോളുകളോടെ അന്നെവര്‍ഷം ഏറ്റവുമധികം ഗോള്‍ നേടുന്ന ഇന്ത്യന്‍ താരമായി.

2014ല്‍ല്‍ പുതുതായി രൂപീകരിച്ച ബെംഗളൂരു എഫ്‌സിയില്‍ പ്രവേശിക്കുന്നതാണ് വിനീതിന്‍റെ കരിയറില്‍ വഴിത്തിരിവാവുന്നത്. രണ്ടു ഐ ലീഗ് കിരീടത്തിലേക്കും രണ്ടു ഫെഡറേഷന്‍ കപ്പിലേക്കും എഎഫ്സി കപ്പിന്‍റെ ഫൈനലിലേക്കും ബെംഗളൂരു എഫ്സി നടത്തിയ പടയോട്ടങ്ങളില്‍ വിനീതിന്‍റെ അക്രമോത്സുക ഫുട്ബോള്‍ പഹിച്ച പങ്ക് ചെറുതല്ല. 2017ല്‍ ക്ലബ്ബിനോടു വിടപറയുമ്പോള്‍ ഇരുപത്തിയൊന്നു ഗോളുകളായിരുന്നു വിനീതിന്‍റെ പേരില്‍ കുറിക്കപ്പെട്ടത്.

കേരളാബ്ലാസ്റ്റേഴ്സിനു വേണ്ടി 2015ല്‍ ലോണടിസ്ഥാനത്തില്‍ കളിച്ച വിനീതിന് അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. മിക്കവാറും ആദ്യ ഇലവനില്‍ ഇടം നേടാതിരുന്ന വിനീത് കളിച്ച മിക്കവാറും കളികളില്‍ രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. ഇതിന്‍റെ പകവീട്ടലായിരുന്നു വിനീതിന്‍റെ കേരളാ ബ്ലാസ്റ്റേഴ്സിലെ രണ്ടാം സീസണ്‍. ആകെ തകര്‍ന്നു പ്രതീക്ഷയറ്റ ഒരു ടീം ഫൈനല്‍ വരെ എത്തുന്നത് വിനീതിന്‍റെ ചിറകിലേറിയാണ്. ഒമ്പത് കളികളില്‍ നിന്നും അഞ്ചു ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച വിനീത് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഗോള്‍സ്കോറര്‍ ആയിരുന്നു എന്നു മാത്രമല്ല. സീസണില്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച കളിക്കാരനായി അംഗീകരിക്കപ്പെട്ട താരവും വിനീത് തന്നെ.

indian super league, kerala blasters

വേഗതയും അശ്രാന്തപരിശ്രമവും ആണ് വിനീതിനെ വിശ്വസ്തനായ ഒരു കളിക്കാരനാക്കുന്നത് എങ്കില്‍. ആരും മടിക്കുന്ന ഷോട്ടുകള്‍ക്കു മുതിരുക എന്നതാണ് ഒരു ഫുട്ബോള്‍ താരത്തെ പലപ്പോഴും അത്ഭുതമാക്കുന്നത്. വിനീത് എന്ന കണ്ണൂര്‍ക്കാരനെ അടയാളപ്പെടുന്നതും ഇത്തരം ശ്രമങ്ങളിലൂടെയാണ്. ഐഎം വിജയന്‍റെ സിസേഴ്സ് കട്ടിന്റെ പ്രേതം വിനീതിലൂടെ ആവര്‍ത്തിക്കുന്നത് കണ്ടാലും അതുകൊണ്ട് തന്നെ അത്ഭുതപ്പെടെണ്ടിവരില്ല.
റിനോ ആന്റോ
ഇന്ത്യന്‍ ഫുട്ബോളിന്‍റെ നഴ്സറി എന്നു വിശേഷിപ്പിക്കപ്പെടുന്ന ജംഷഡ്പൂര്‍ ടാറ്റ ഫുട്ബോള്‍ അക്കാദമിയില്‍ ഫുട്ബോള്‍ വിദ്യാഭ്യാസം. 2008ല്‍ മോഹന്‍ ബാഗാനിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോള്‍ ലോകത്ത് റിനോ സജീവമാവുന്നത്. മോഹന്‍ ബഗാന്‍, സാല്‍ഗോക്കര്‍, ക്വാര്‍ട്ട്സ് അക്കാദമി എന്നീ ക്ലബ്ബുകളിലായി നീണ്ട അഞ്ചു വര്‍ഷത്തെ കളി പരിചയം. എന്നാല്‍ 2013ല്‍ ബെംഗളൂരു എഫ്സിയില്‍ എത്തുന്നതോടെ റിനോ ആന്‍റോയുടെ പ്രഭാവകാലം തുടങ്ങുകയായി. ബെംഗളൂരു എഫ്സിയുടെ ആദ്യ ഐ ലീഗ് സീസണില്‍ ആദ്യ മത്സരം മുതല്‍ ടീമില്‍ റിനോ ആന്റോയുടെ സാന്നിദ്ധ്യമുണ്ട്.

ആഷ്ലി വെസ്റ്റ്‌വുഡ് എന്ന ഇംഗ്ലീഷ് മാനേജരുടെ കീഴില്‍ ആദ്യ സീസണില്‍ തന്നെ ഐ ലീഗ് കിരീടം നേടിയ ടീമിനെ വിജയത്തിലേക്ക് നയിച്ചതില്‍ റിനോ ആന്‍റോ എന്ന റൈറ്റ് ബാക്ക് വഹിച്ച പങ്ക് ചെറുതല്ല. വിങ്ങില്‍ ശരവേഗത്തില്‍ മുന്നേറി, കൃത്യതയോടെ ബോക്സിലേക്ക് തുടുക്കുന്ന റിനോയുടെ ക്രോസുകള്‍ മോഹന്‍ ബഗാനും, ഈസ്റ്റ് ബംഗാളും ഡെമ്പോയും അടങ്ങുന്ന വമ്പന്‍മാര്‍ക്ക് മുന്നില്‍ ബെംഗളൂരുവിന്‍റെ അപ്രമാദിത്വം ഉറപ്പിക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചു. ഏതാനും കളികള്‍ക്കുള്ളില്‍ തന്നെ ആഷ്ലി വെസ്റ്റ്വൂഡിനു പ്രിയങ്കരനായി മാറിയ റിനോ വളരെവേഗം തന്നെ ടീമില്‍ സ്ഥിരസാന്നിദ്ധ്യമായി. സുനില്‍ ഛേത്രിയും, യൂജിന്‍സണ്‍ ലിങ്ഡോയും സികെ വിനീതും അടങ്ങുന്ന ടീമിന്‍റെ നായകസ്ഥാനം വരെയെത്തി റിനോ ആന്റോ.

Rino Anto, Kerala Blasters

2015ലെ ഫെഡറേഷന്‍ കപ്പ്‌, അതേ വര്‍ഷം ഐലീഗ് റണ്ണര്‍ അപ്പ്, 2015-16 സീസണില്‍ മറ്റൊരു ഐ ലീഗ് കിരീടം, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍റെ ചാമ്പ്യന്‍സ് കപ്പില്‍ ആദ്യമായി റണ്ണര്‍ അപ്പ് ആവുന്ന ഇന്ത്യന്‍ ടീം എന്നീ റിക്കോഡുകളൊക്കെ ബെംഗലൂരുവിനെ തേടി വന്നപ്പോള്‍ ടീമിന്‍റെ പ്രതിരോധത്തെയും അക്രമത്തെയും ചുക്കാന്‍ പിടിക്കുന്നതിലെ പ്രധാനകണ്ണിയായിരുന്നു റിനോ ആന്‍റോ.

ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായികൊണ്ട് 2015ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ ഇരുപത്തിയോമ്പത്കാരനെ സൈന്‍ ചെയ്തത് അത്ലറ്റികോ ഡി കൊല്‍ക്കത്തയായിരുന്നു. അന്നേവര്‍ഷത്തെ മികച്ച പ്രകടനം അടുത്തവര്‍ഷം റിനോയെ കേരളാബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചു. എന്നാല്‍ പരുക്ക് കാരണം വെറും മൂന്നു കളികള്‍ മാത്രം കളിക്കാന്‍ സാധിച്ച റിനോയെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ ലേലത്തില്‍ പിടിക്കുന്നതിനു തക്കതായ കാരണങ്ങളുണ്ട്. റിനോയെപോലെ അക്രമസ്വഭാവമുള്ള ഒരു വിങ് ബാക്ക് ഏതു ടീമിനും മുതല്‍കൂട്ടാണ്. കപ്പില്‍ കുറഞ്ഞ ഒന്നും ഇത്തവണ ലക്‌ഷ്യം വെക്കുന്നില്ല എന്നും റിനോ പറയുന്നത് അതേ ആത്മാവിശ്വാസത്തിലാണ്.

 

പ്രശാന്ത്

പ്രശാന്ത് കറുത്തേടത്ത്കുനി
ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ എലീറ്റ് അക്കാദമിയില്‍ നിന്നും പുറത്തിറങ്ങിയ പ്രശാന്തിനെ 2016 കേരളാബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തതാണ് എങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു കളിയില്‍ പോലും ഇടം നേടാന്‍ ഈ ഇരുപതുകാരനു സാധിച്ചില്ല. ഇന്ത്യ അണ്ടര്‍ പത്തൊമ്പതിനു വേണ്ടിയും കളിച്ചിട്ടുള്ള ഈ കോഴിക്കോട്കാരന്‍ 2016 സീസണില്‍ ചെന്നൈ എഫ്സിക്കു വേണ്ടി ഐ ലീഗിലും അരങ്ങേറി. ഓട്ടക്കാരനായി കായിക ജീവിതം ആരംഭിച്ച പ്രശാന്ത് കോഴിക്കോടിനുവേണ്ടി സംസ്ഥാനതലത്തില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ്. വേഗതയ്ക്ക് പുറമേ നിരന്തര അക്കാദമി പരിശീലനം പ്രാശാന്തിനെ നല്ല സാങ്കേതിക തികവുള്ള കളിക്കാരനാക്കുന്നു. മനോഹരമായ സെറ്റ് പീസുകള്‍ തീര്‍ക്കാന്‍ പറ്റിയ പ്രശാന്തിന്‍റെ കാലുകളിലൂടെയാണ് താരതമ്യേന ദുര്‍ബലരായ ചെന്നൈ സിറ്റി എഫ്സി ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചുകൊണ്ട് ഒരു ഐ ലീഗ് വിജയം കരസ്ഥമാക്കുന്നത്.

രഹനേഷ് തുമ്പിരുമ്പ് പറമ്പ് 
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു പ്രിയങ്കരനായി മാറിയ ഈ കോഴിക്കോടുകാരന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം ആരംഭിക്കുന്നത് 2012ല്‍ ഒഎന്‍ജിസിക്ക് വേണ്ടി ഐ ലീഗിലൂടെയാണ്. 2014-15 സീസണില്‍ ഷിലോങ് ലജോങ്ങിലേക്ക് ചേക്കേറിയതാന് രഹനേഷിന്‍റെ കരിയറിലെ വഴിത്തിരിവ്. വളരെ പെട്ടെന്ന് തന്നെ ലജോങ്ങിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ രെഹനേഷ് ലോണ്‍ അടിസ്ഥാനത്തിലാണ് ഐഎസ്എലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ മൂന്നു സീസണിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിച്ച രഹനേഷ് കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഈസ്റ്റ് ബംഗാളിന്‍റെയും കാവലാളായി. ആദ്യ ഐഎസ്എല്‍ സീസണില്‍ നാല്‍പത് സേവുകള്‍ ആണ് രഹനേഷിന്‍റെ പേരില്‍ ഉള്ളത്. പന്ത്രണ്ട് കളികളില്‍ അഞ്ചു ക്ലീന്‍ ചീട്ടു നിലനിര്‍ത്തിയ ഈ ഇരുപത്തിനാലുകാരനന്‍റെ പേരിലായി ഒമ്പത് ക്ലീന്‍ ചീട്ടുകളും 97 സേവുകളും ആണുള്ളത്. ഒരു പോലെ ഗ്രൗണ്ട് ഷോട്ടുകളും എയര്‍ ബോളുകളും നിയന്ത്രിക്കുന്നത്തിലും തടുക്കുന്നതിലുമുള്ള മികവ് രെഹനേഷിനെ വരും സീസണിലും ശ്രദ്ധേയമാക്കും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Malayali in super league most notable malayali players in coming season