ഉദ്വേഗഭരിതമായ നിമിഷങ്ങൾ… നിദാഹാസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ വിജയ് ശങ്കർ ഒരറ്റത്ത് പന്തുകൾ പാഴാക്കി കളയുന്നത് ബംഗ്ലാദേശ് താരങ്ങൾ ആഘോഷിക്കുകയാണ്. അറബ് മണ്ണിൽ ബംഗ്ലാദേശികൾക്ക് നടുവിലിരുന്നാണ് ഒരു മലയാളി ഈ സമയത്ത് കളി കണ്ടത്.

ഓരോ പന്തുകൾ കഴിയുമ്പോഴും ബംഗ്ലാദേശ് ആരാധകരുടെ സന്തോഷം ഇരട്ടിക്കുകയാണ്. അവസാന പന്തിൽ അഞ്ച് റൺസ് അകലെ ഇന്ത്യക്ക് വിജയം നിൽക്കുമ്പോൾ ബംഗ്ലാദേശികളായ ആരാധകർ വിജയം ഉറപ്പിച്ചിരുന്നു. അപ്പോഴും പ്രതീക്ഷ കൈവിടാതിരുന്ന മലയാളിയായ ആ ആരാധകനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

സലാലയിലെ ബംഗാളി മാർക്കറ്റ് ഹോട്ടലിൽ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹോട്ടലിന് അകത്തെ ടിവിയിലാണ് ആളുകൾ കളി നോക്കിക്കൊണ്ടിരുന്നത്. അവസാന പന്ത് വരെ ബംഗ്ലാദേശികളുടെ സന്തോഷം നിറഞ്ഞ മുഖമാണ് വീഡിയോയിൽ കാണാനാവുക. അവസാന പന്ത് ദിനേശ് കാർത്തിക് സിക്സടിച്ചതോടെ അവരെല്ലാം നിശബ്ദരായി. ഈ സമയമത്രയും തന്റെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മലയാളിയായ ക്രിക്കറ്റ് പ്രേമി മാത്രമായിരുന്നു ഈ ഘട്ടത്തിൽ ആർത്തുവിളിച്ചത്.

“ജയിച്ചേ…. ജയിച്ചേ…. ജയിച്ചേ….. കൂൂൂയ്…” എന്ന ആർപ്പുവിളിക്ക് പിന്നാലെ ക്യാമറയും ഓഫാക്കി അദ്ദേഹം ഇവിടെ നിന്നും ഓടി മാറുന്നത് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം. ബംഗ്ലാദേശികൾ നിരാശരായി ആക്രമിക്കും മുൻപ് ഇന്ത്യൻ വിജയമാഘോഷിച്ച് ജീവനും കൊണ്ടോടുകയായിരുന്നു അയാൾ. ഈ വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ