ദുബായ്: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ എന്നും ആവേശം നിറഞ്ഞതാണ്. ഓരോ ബൗണ്ടറിയും ഓരോ വിക്കറ്റും മുതല്‍ ഓരോ സിംഗിളുവരെ ആഘോഷിക്കപ്പെടുന്ന മത്സരം. ഗ്യാലറിയിലും തെരുവുകളിലും യുദ്ധ സമാനമായ കാഴ്ചകളുമുണ്ടാകും. ഇന്നലെയും ഈ കാഴ്ചകള്‍ക്ക് മാറ്റമുണ്ടായിരുന്നു. എന്നാല്‍ ഈ വീറും വാശിയുമൊക്കെ കളിക്കളത്തില്‍ മാത്രമാണ്. പരസ്പരം ഏറെ ബഹുമാനിക്കുന്നവരാണ് ഇരു ടീമിലേയും താരങ്ങള്‍.

പാക് താരങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ ആരെന്ന് ചോദിച്ചാല്‍ അതിനുത്തരം ഷൊയ്ബ് മാലിക്കെന്നായിരിക്കും. ഇന്‍സമാം ഉള്‍ ഹഖ്, ഷാഹിദ് അഫ്രീദി, മുഹമ്മദ് യൂസഫ്, സെയ്ദ് അന്‍വര്‍, അക്തര്‍ തുടങ്ങി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം പാക് നിരയില്‍ അണിനിരന്നിട്ടുള്ള മാലിക്ക് എന്നും പ്രിയങ്കരനാണ്. ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളില്‍ പാക്കിസ്ഥാന്റെ പ്രതീക്ഷയും ഒരുപാടാണ് മാലിക്കിനു മുകളില്‍.

മാലിക്കിനെ ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന മറ്റൊരു കാര്യം അദ്ദേഹത്തിന്റെ ഭാര്യ സാനിയ മിര്‍സയാണ്. ഇന്ത്യന്‍ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ വനിതയാണ് സാനിയ. ഇന്ത്യക്കാരിയായ സാനിയയും പാക്കിസ്ഥാനിയായ മാലിക്കും തമ്മിലുള്ള വിവാഹം വലിയ വിവാദവുമായിരുന്നു. പക്ഷെ മാലിക്കിനെ ഇന്ത്യയുടെ മരുമകനായാണ് ഇന്ത്യന്‍ ആരാധകര്‍ കാണുന്നത്. ഇന്നലത്തെ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരായ മലയാളികള്‍ മാലിക്കിനെ തങ്ങളുടെ സ്‌നേഹം അറിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

കളിക്കിടെ ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്നു മാലിക്ക്. ഈ സമയം പിന്നില്‍ നിന്നും ‘മ്മളെ സാനിയേന്റെ പുയ്യാപ്പിള, മാലിക്ക് പുയ്യാപ്പിളേ’ എന്ന വിളി ഉയരുകയായിരുന്നു. മലയാളി ആരാധകനാണ് വിളിക്ക് പിന്നില്‍. മാലിക്ക് പിറകിലേക്ക് തിരിഞ്ഞ് നോക്കുകയും ചെയ്തു. അതേസമയം തുടക്കത്തില്‍ തന്നെ പതറിയ പാക്കിസ്ഥാനെ ബാബര്‍ അസമുമായി ചേര്‍ന്ന് ഒരുഘട്ടത്തില്‍ രക്ഷിച്ചത് മാലിക്കായിരുന്നു. 43 റണ്‍സാണ് മാലിക്ക് നേടിയത്. പക്ഷെ മത്സരം ഇന്ത്യ അനായാസമായി ജയിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook