മലപ്പുറം : ഏഴു വര്‍ഷത്തിനു ശേഷം ഐ ലീഗിലൊരു മലയാളി ക്ലബ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഗോകുലം എഫ്സിക്കാണ് ഐ ലീഗിലേക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്.

2007ല്‍ ആരംഭിച്ച ഐലീഗിനെ രാജ്യത്തെ പ്രമുഖ പ്രഫഷണല്‍ ഫുട്ബോള്‍ ലീഗായാണ് കണക്കാക്കിയിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ വരവോടെ താരതമ്യേന ആരാധകരുടെ എണ്ണത്തില്‍ കുറവുള്ള ഐലീഗിന്‍റെ നില പരുങ്ങലിലാണ് എങ്കിലും 2011-12 സീസണു ശേഷം കേരളത്തില്‍ നിന്നും ഒരു ക്ലബിനു ലീഗിലേക്ക് പ്രവേശനം ലഭിച്ചു എന്നത് ഏറെ പ്രതീക്ഷയോടെയാണ് ഫുട്ബാള്‍ ആരാധകര്‍ നോക്കി കാണുന്നത്. ചിരാഗ് യുണൈറ്റഡ് കേരളയായിരുന്നു സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഐലീഗില്‍ പങ്കെടുത്ത അവസാന ക്ലബ്.

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം ഹോം ഗ്രൗണ്ടായുള്ള ഗോകുലം എഫ്സി മലപ്പുറത്താണ് അതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗോകുലം ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബിനു ഐലീഗ് നിയമാവലി പ്രകാരം അതിന്‍റെ പേരു മാറ്റേണ്ടി വരും. ക്ലബ്ബുകള്‍ക്ക് കമ്പനികളുടെ പേര് പാടില്ല എന്നാണ് ഐ ലീഗിന്‍റെ നിബന്ധന. കാല്‍പ്പന്തു കളിയുടെ ലോകത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ള ബിനോ ജോര്‍ജ് ആണ് ഗോകുലത്തിന്‍റെ നിലവിലെ മാനേജരും കോച്ചും. കല്‍ക്കത്ത മുഹമദന്‍സിലെയും എഫ്സി കൊച്ചിനിലേയും താരമായിരുന്ന ബിനോയ്ക്ക്. വിവാ കേരളത്തിന്‍റെയും ചിരാഗ് യുണൈറ്റഡ് കേരളത്തിന്‍റെയും അസിസ്റ്റന്റ് കോച്ചെന്ന നിലക്കുള്ള ഐ ലീഗ് അനുഭവസമ്പത്തും ഉണ്ട്. ക്വാര്‍ട്ട്സ് സോക്കര്‍ ക്ലബ്, യുണൈറ്റഡ് സോക്കര്‍ ക്ലബ് എന്നീ ക്ലബ്ബുകളുടെ സാരഥ്യം വഹിച്ചിട്ടുള്ള ബിനോ തുടക്കം മുതല്‍ ക്ലബ്ബിന്‍റെ കോച്ചാണ്.

2015ലെ ദേശീയ ഗെയിംസിലും സന്തോഷ്‌ ട്രോഫിയിലും കേരളാ ടീം കോച്ചായിരിക്കെ സികെ വിനീത്, റിനോ ആന്‍റോ, സക്കീര്‍ മുണ്ടംപാറ സിഎസ് സബീത് എന്നീ താരങ്ങളെ പരിശീലിപ്പിച്ചതും ബിനോ ജോര്‍ജ് ആണ്. പുതുതായി കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ യുവതാരങ്ങളായ ജിഷ്ണു, സുജിത് എന്നിവര്‍ എഎഫ്സി പ്രൊഫഷണല്‍ കൊച്ചിങ് ലൈസന്‍സുള്ള ബിനോയുടെ കണ്ടെത്തലുകളാണ്.

മലബാറില്‍ വീണ്ടും ഫുട്ബാള്‍ ആരവങ്ങള്‍ ഉയര്‍ത്തുന്ന ഗോകുലത്തിനു മലബാറിന്‍റെ ഫുട്ബോള്‍ പ്രേമം ഉള്‍ക്കൊള്ളുന്ന ഒരു പേരിടാന്‍ തന്നെയാണ് ക്ലബ് ഭാരവാഹികള്‍ ആലോചിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ഐ ലീഗിനു ഏറെ കൊഴുപ്പേകിയ ബെംഗളൂരു എഫ്സി പോലുള്ള ക്ലബുകള്‍ ഐഎസ്എല്ലിലേക്ക് ചുവടുമാറിയത് ലീഗിന്‍റെ ജന പങ്കാളിത്തത്തിനു തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബോളിലെ അതികായരായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലജോങ് എഫ്സി, ചര്‍ച്ചില്‍ ബ്രദര്‍സ്, ഐസ്വാള്‍ എഫ്സി, നെറോക്ക, മിനര്‍വ പഞ്ചാബ്, ചെന്നൈ സിറ്റി എന്നിവരാണ് ലീഗില്‍ മാറ്റുരയ്ക്കുന്ന മറ്റു ക്ലബ്ബുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ