ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹമ്മദുള്ള റിയാദിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. മഹമ്മദുള്ള എം.എസ്.ധോണിയെ ഓര്‍മ്മിപ്പിക്കുന്നുവെന്നായിരുന്നു പഠാന്‍ പറഞ്ഞത്. ഷാക്കിബ് അല്‍ ഹസന്റെ വിലക്കിനെ തുടര്‍ന്നാണ് മഹമ്മദുള്ള ബംഗ്ലാ കടുവകളുടെ നായകസ്ഥാനത്തേക്ക് എത്തിയത്.
”ലോകത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നിനെതിരെ ജയിക്കുമ്പോള്‍ അത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ മഹമ്മദുള്ള ഒരുപാട് മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ധോണിയുടെ ഛായയുണ്ട്. പവര്‍ പ്ലേയ്ക്ക് ശേഷം അവന്‍ പാര്‍ട്ട് ടൈം ബോളര്‍മാരെ ഉപയോഗിച്ചിരുന്നു. അത് ധോണിയുടെ തന്ത്രമാണ്” പഠാന്‍ പറഞ്ഞു.
മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഓരോ കളികള്‍ വീതം ജയിച്ച് ഇന്ത്യയും ബംഗ്ലാദേശും ഒപ്പത്തിനൊപ്പമാണ്. ന്യൂഡല്‍ഹിയിലെ ആദ്യ മത്സരത്തിലായിരുന്നു ബംഗ്ലാദേശ് ഇന്ത്യയെ തകര്‍ത്തത്. വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖൂര്‍ റഹീമിന്റെ പ്രകടനമാണ് ബംഗ്ലാദേശിന് വിജയമൊരുക്കിയത്.