മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ പ്രധാന ഘടകമാണ് ഇശാന്ത് ശര്‍മ്മ. വിദേശ മണ്ണില്‍ ഇന്ത്യ നേടിയ മിക്ക വിജയങ്ങളിലും ഇശാന്തിന്റെ പങ്ക് വളരെ വലുതാണ്. ധോണിയുടെ പ്രധാന താരങ്ങളിലൊരാളുമായിരുന്നു ഇശാന്ത്. തന്റെ കരിയറില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നതും ധോണിയോടാണെന്നാണ് ഇശാന്ത് പറയുന്നത്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായ ഇശാന്ത് പറയുന്നത് തന്നെ പലവട്ടം പുറത്താക്കലില്‍ നിന്നും രക്ഷപ്പെടുത്തിയത് ധോണിയാണെന്നാണ്.

Read More: എം.എസ്.ധോണിക്ക് പകരക്കാരനായി റിഷഭ് പന്തിനെയല്ലാതെ മറ്റാരെയും കാണാനാകില്ല: റിക്കി പോണ്ടിങ്

”പുറത്താക്കപ്പെടുമായിരുന്ന പല ഘട്ടങ്ങളിലും മഹി ഭായിയാണ് എന്നെ രക്ഷപ്പെടുത്തിയത്. അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ടീമിലെ സീനിയര്‍ താരമാണ്. പലപ്പോഴും വിരാട് വന്ന് എന്നോട് പറയും, നിങ്ങള്‍ ക്ഷീണിതനാണെന്ന് അറിയാം. പക്ഷെ ടീമിലെ മുതിര്‍ന്ന താരമെന്ന നിലയില്‍ നിങ്ങള്‍ ഇത് ചെയ്‌തേ പറ്റൂ എന്ന്” ഇശാന്ത് പറയുന്നു.

”അന്നൊക്കെ ഞാന്‍ നന്നായി പന്തെറിയാന്‍ മാത്രമായിരുന്നു ശ്രമിച്ചിരുന്നത്. എന്നാലിന്ന് നന്നായി കളിക്കാന്‍ മാത്രമല്ല വിക്കറ്റെടുക്കാനും ശ്രമിക്കുന്നുണ്ട്. വിക്കറ്റെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ കാഴ്ചപ്പാടും മാറുകയുള്ളൂ” ഇശാന്ത് പറയുന്നു. ഐപിഎല്ലിലടക്കം തിളങ്ങിയിട്ടും ടെസ്റ്റ് താരമെന്ന നിലയില്‍ മാത്രം കണക്കാക്കപ്പെടുന്ന താരമാണ് ഇശാന്ത്.

Read Also: പരീക്ഷണവും വെട്ടലുമൊക്കെ പരിധി വിട്ടു, ധോണിയെ ഇറക്കേണ്ടത് ഈ സ്ഥാനത്ത്; ഉപദേശവുമായി കുംബ്ലെ

”അതെ, കാഴ്ചപ്പാടുകളെ നേരിടേണ്ടതുണ്ട്. എവിടെ നിന്നുമാണിത് തുടങ്ങിയതെന്ന് അറിയില്ല. കുറേ കാര്യങ്ങളെ കുറിച്ച് എനിക്കൊന്നും അറിയില്ല. അവസരം മുതലെടുത്ത് നന്നായി കളിച്ചാല്‍ ലോകകപ്പ് ടീമിലെ സ്ഥാനം എനിക്ക് അവകാശപ്പെടാനാകും, അത്രമാത്രം” താരം പറഞ്ഞു. അവസരത്തിനായി മറ്റുള്ളവരെ സമീപിക്കുന്ന ശീലം തനിക്കില്ലെന്നും താരം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook