ന്യൂഡല്‍ഹി: 150 കോടി രൂപ കിട്ടാനുണ്ടെന്ന് കാണിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി വിവാദ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലി ഗ്രൂപ്പിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തു. കമ്പനിയുടെ അംബാസിഡറായിരുന്ന തനിക്ക് വര്‍ഷങ്ങളായി പ്രതിഫലം നല്‍കുന്നില്ലെന്ന് കാണിച്ചാണ് ധോണി കോടതിയെ സമീപിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ കമ്പനി പല നഗരങ്ങളിലും ഇപ്പോഴും ഹൗസിംഗ് പ്രൊജക്ടുകള്‍ ചെയ്യാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.
കമ്പനിയുടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനം ധോണി രാജിവെച്ചിരുന്നു. പിന്നാലെ ഭാര്യ സാക്ഷി ധോണിയും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിന്മാറി. ധോണിയെ കൂടാതെ ബുഭനേശ്വര്‍ കുമാറും ഡു പ്ലെസിസും കമ്പനിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബ്രാന്റിംഗിനും മാര്‍ക്കറ്റിംഗിനും പ്രതിഫലം നല്‍കിയില്ലെന്നാണ് പരാതി. 200 കോടിയാണ് കമ്പനി നല്‍കാനുലളത്.
7 വര്‍ഷത്തോളം കമ്പനിയുടെ അംബാസിഡറായ ധോണി പിന്മാറിയിരുന്നു. അമ്രപാലിയില്‍ നിന്നും ഫ്ളാറ്റുകള്‍ക്കായി ഇടപാട് നടത്തിയവര്‍ പ്രതിഷേധച്ചതോടെയാണ് ധോണിയും ഭാര്യയും പിന്മാറിയത്.നോയ്ഡയിലെ സഫൈയര്‍ അപ്പാര്‍ട്ട്മെന്റ്സിലെ താമസക്കാരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയത്.
2009 ല്‍ തുടങ്ങിയ പ്രോജക്റ്റില്‍ നിരവധി കുടുംബങ്ങള്‍ താമസമാക്കിയിരുന്നു. എന്നാല്‍ വൈദ്യുതിയും വെള്ളവും മുടങ്ങുന്നത് പതിവായപ്പോള്‍ താമസക്കാര്‍ പ്രതിഷേധിച്ചെങ്കിലും കമ്പനി ഇവ ശരിയാക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ധോണിയും ഭാര്യയും സ്ഥാനം ഒഴിഞ്ഞത്.