മുംബൈ: ട്വന്രി 20 പരമ്പരയിലെ മൂന്നാം മൽസരത്തിലും ജയിച്ച ഇന്ത്യ ലങ്കയെ എല്ലാ ഫോര്‍മാറ്റുകളിലും കെട്ടുകെട്ടിച്ചിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. അവസാന ഓവറിൽ നാല് പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയലക്ഷ്യം നേടിയത്. ശ്രീലങ്ക നേരത്തെ 135 റൺസ് നേടിയിരുന്നു. വിജയലക്ഷ്യമായ 136 റൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ സ്വന്തമാക്കി.

എല്ലാ പരമ്പരകളും കൈവിട്ട ശ്രീലങ്ക അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ താണ്ഡവത്തില്‍ ദഹിച്ചുപോവുകയായിരുന്നു. മൽസരത്തിന് ശേഷം ആഘോഷങ്ങളിലേക്കും സമ്മാനദാന ചടങ്ങിലേക്കും ഇന്ത്യന്‍ താരങ്ങള്‍ തിരഞ്ഞെങ്കിലും ഒരാള്‍ മാത്രം ലങ്കയുടെ യുവതാരങ്ങളെ സമാശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു. മറ്റാരുമല്ല, ഇന്ത്യന്‍ ടീമിന്റെ കൂള്‍ താരം മഹേന്ദ്ര സിങ് ധോണി. അഖില ധനഞ്ജയേയും മറ്റ് യുവതാരങ്ങളേയും ആണ് ധോണി സമീപിച്ചത്.

മിനിറ്റുകളോളം നീണ്ട സംഭാഷണത്തില്‍ ധോണി ഇവരോട് എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും യുവതാരങ്ങളോട് നിരാശപ്പെടരുതെന്നാണ് ധോണി പറഞ്ഞതെന്ന് കമന്റേറ്റർമാര്‍ പറഞ്ഞു. വിഷമിക്കേണ്ട കാര്യമില്ലെന്നും യുവതാരങ്ങളായ നിങ്ങളെ കാത്ത് ഇനിയും മൽസരങ്ങള്‍ ഉണ്ടെന്നും ധോണി പറഞ്ഞതായി കമന്റേറ്റർമാര്‍ പറയുന്നു. ഓരോ താരങ്ങളുടേയും ബാറ്റിങ് ശൈലിയും കഴിവും എടുത്ത് പറഞ്ഞായിരുന്നു ധോണി ഇവര്‍ക്ക് പ്രചോദനം നല്‍കിയത്.

ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം കാഴ്ചവച്ച മൽസരത്തിൽ ലങ്കയുടെ ബാറ്റിങ് 20 ഓവറിൽ 135 ൽ ഒതുങ്ങുകയായിരുന്നു. വാഷിങ്ടൺ സുന്ദർ കന്നിവിക്കറ്റ് നേടിയ മൽസരത്തിൽ ജയദീപ് ഉനദ്കട്, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതവും മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരും വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ 18 റൺസ് അടിച്ചതൊഴിച്ചാൽ മൽസരത്തിന്റെ ഒരു ഘട്ടത്തിലും ലങ്കൻ ബാറ്റ്സ്മാന്മാർ ഇന്ത്യൻ നിരയ്ക്ക് വെല്ലുവിളിയായില്ല.

വാഷിങ്ടൺ സുന്ദറാണ് ആദ്യം പന്തെറിഞ്ഞത്. ഈ ഓവറിൽ ആറ് റൺസാണ് ലങ്കൻ ഓപ്പണർമാർ നേടിയത്. എന്നാൽ നിലയുറപ്പിക്കും മുൻപ് തന്നെ നിരോഷൻ ഡിക്‌വാലയെ മടക്കി ജയദേവാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക് സമ്മാനിച്ചത്. രണ്ടാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ് നേട്ടം.

മൂന്നാം ഓവർ എറിയാനെത്തിയ വാഷിങ്ടൺ സുന്ദർ മോശമാക്കിയില്ല. അവസാന പന്തിൽ കുസാൽ പെരേര സുന്ദറിന് തന്നെ ക്യാച്ച് നൽകി പവലിയനിലേക്ക് മടങ്ങി. നാലാം ഓവറിലാണ് ഉപുൽ തരംഗയുടെ വിക്കറ്റ് വീണത്. മൂന്നാം പന്തിൽ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകിയാണ് തരംഗ മടങ്ങിയത്. സമരവിക്രമയാണ് നാലാമനായി മടങ്ങിയത്. ഹർദ്ദിക് പാണ്ഡ്യയുടെ പന്തിൽ ലോങ് ഓഫിൽ ദിനേശ് കാർത്തിക്കിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ