ഫുട്ബോള്‍ പലപ്പോഴും പ്രവചനാതീതമാണ്. വിജയിച്ചെന്നോ തോറ്റെന്നോ കരുതി ഇരിക്കുമ്പോഴായിരിക്കും നിനച്ചിരിക്കാത്തത് സംഭവിക്കുക. അത്തരത്തിലൊരു സംഭവത്തിനാണ് ബാങ്കോംഗില്‍ നടന്ന അണ്ടര്‍ 18 കപ്പിന്റെ കാഴ്ച്ചക്കാര്‍ സാക്ഷികളായത്. ബാങ്കോംഗ് സ്പോര്‍ട്സ് ക്ലബ്ബും സത്രി അങ്തോംഗും തമ്മിലുളള മത്സരത്തിനിടെയാണ് സംഭവം.

രണ്ട് വീതം ഗോളുകള്‍ അടിച്ച് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോഴാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. തോല്‍വിയുടെ അറ്റത്ത് നില്‍ക്കുകയായിരുന്ന ബാങ്കോംഗ് സ്പോര്‍ട് ക്ലബ്ബാണ് അവസാനമായി കിക്ക് ചെയ്യുന്നത്. ബാങ്കോംഗ് ക്ലബ്ബ് താരം പന്ത് നീട്ടി അടിച്ചെങ്കിലും പോസ്റ്റില്‍ തട്ടി പന്ത് വായുവിലേക്ക് പൊങ്ങിപ്പറന്നു. ഒരുനിമിഷം കുതിച്ചോടിയ എതിര്‍ ടീം ഗോളി വിജയം ആഘോഷിക്കുകയും ചെയ്തു.

പാളിപ്പോയ തന്റെ ഷോട്ടിലൂടെ ടീം പുറത്തായെന്ന് കരുതി സ്ട്രൈക്കര്‍ നിരാശനായെങ്കിലും പുറത്തേക്ക് പോയ പന്ത് ഗോളിയില്ലാത്ത പോസ്റ്റിലേക്ക് കയറുകയായിരുന്നു. കണ്ടുനിന്ന ഗോളി ഓടിവന്നൊരു അവസാനനിമിഷ ശ്രമം നടത്തിയെങ്കിലും പന്ത് വല തൊട്ടു നിന്നു. കാണികളേയും ടീം അംഗങ്ങളേയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഗോളിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ