സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്‌പോൺസര്‍മാരായ മഗെല്ലന്‍ വെല്‍ത്ത് മാനേജ്മെന്റ് കമ്പനി സ്‌പോൺസര്‍ഷിപ്പില്‍ നിന്നും പിന്മാറി. മൂന്ന് വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് മഗല്ലന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിനെ കൈവിടുന്നതായി പ്രഖ്യാപിച്ചത്. കൂടാതെ സ്‌പോൺസര്‍ഷിപ് നല്‍കിയിട്ടുളള സ്വകാര്യ വ്യക്തികളും പിന്മാറിയിട്ടുണ്ട്. കമ്പനിയുടെ മൂല്യവുമായി പൊരുത്തപ്പെടാത്ത പെരുമാറ്റമാണ് ടീമിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വ്യാഴാഴ്ച മഗല്ലന്‍ കമ്പനി അറിയിച്ചു.

ക്രിക്കറ്റ് ഓസ്ട്രേലിയയുമായി 2017 ഓഗസ്റ്റിലാണ് മഗല്ലന്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത്. അതേസമയം ഓസ്ട്രേലിയന്‍ ടീമിന്റെ ഷര്‍ട്ടില്‍ ഇടംനേടിയ ലോഗോ ഉളള ക്വാന്റാസ് സ്‌പോൺസര്‍ഷിപ് തുടരുമെന്ന് അറിയിച്ചു. എന്നാല്‍ വിവാദമായ സംഭവങ്ങളില്‍ വളരെയധികം നിരാശരാണെന്ന് ക്വാന്റാസ് സിഇഒ അലന്‍ ജോയ്സി പറഞ്ഞു.

അതേസമയം, പ്രശസ്തരായ വീറ്റ് ബിക്സ് കമ്പനി സ്റ്റീവ് സ്മിത്തുമായുളള കരാറില്‍ നിന്നും പിന്മാറി. ഇനി വീറ്റ് ബിക്സ് പരസ്യങ്ങളില്‍ സ്മിത്തിന് സ്ഥാനമുണ്ടാവില്ല. വിശ്വാസവും സത്യസന്ധതയുമാണ് തങ്ങളുടെ മുഖമുദ്രയെന്ന് വീറ്റ് ബീക്സ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ അംബാസിഡറുമായുളള ബന്ധം അവസാനിപ്പിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. കോമണ്‍ വെല്‍ത്ത് ബാങ്കും സ്മിത്തിനെ കൈയൊഴിഞ്ഞു. ക്രിക്കറ്റ് അംബാസിഡറായ സ്മിത്തിനെ കൈവിട്ട ബാങ്ക് ഇനി മെഗ് ലാനിംഗിനേയും എലിസ് പെരിയേയും പരസ്യങ്ങളില്‍ കൂടെ കൂട്ടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ