രഞ്ജി ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം വിജയം പ്രതീക്ഷിച്ചിറങ്ങിയ കേരളത്തെ തറപറ്റിച്ച് മധ്യപ്രദേശ്. നിർണ്ണായകമായ നാലാം ദിനം അഞ്ച് വിക്കറ്റ് അവശേഷിക്കെയാണ് മധ്യപ്രദേശ് കേരളത്തെ പരാജയപ്പെടുത്തിയത്. കേരളം ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം മധ്യപ്രദേശ് മറികടക്കുകയായിരുന്നു.

നായകൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിന്റെയും സെഞ്ചുറികൾ ഇതോടെ പാഴായി. രണ്ടാം ഇന്നിങ്സിൽ കേരളം 455 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 193 റൺസ് നേടിയ വിഷ്ണു വിനോദിന്റെയും 143 റൺസ് നേടിയ സച്ചിൻ ബേബിയുടെയും ഇന്നിങ്സാണ് നാണംകെട്ട തോൽവിയിൽ നിന്ന് കേരളത്തെ രക്ഷപ്പെടുത്തിയത്.

ആദ്യ ഇന്നിങ്സിൽ കേരളം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു എങ്കിലും 63 റൺസിന് എല്ലാവരും പുറത്തായി. കേരളത്തിന്റെ ചെറിയ സ്കോർ പിന്തുടർന്ന മധ്യപ്രദേശ് 328 റൺസ് നേടി 265 റൺസിന്റെ ലീഡും ഉയർത്തി.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് വീണ്ടും പിഴച്ചു. എട്ട് റൺസെടുക്കുന്നതിനിടയിൽ നാല് താരങ്ങൾ മടങ്ങി. പിന്നീട് വിഷ്ണുവും സച്ചിനും ചേർന്ന് കേരളത്തെ കര കയറ്റുകയായിരുന്നു. ഇരുവരും സെഞ്ചുറി തികച്ചതോടെ കേരളം മധ്യപ്രദേശിന് മുന്നിൽ ഭേദപ്പെട്ട വിജയലക്ഷ്യം കുറിച്ചു.

അർദ്ധസെഞ്ചുറി തികച്ച രജത് പട്ടിധാറിന്റെയും 48 റൺസ് നേടി പുറത്താകാതെ നിന്ന ഷുഭാം ശർമ്മയുടെയും പ്രകടനമാണ് മധ്യപ്രദേശിന് വിജയം സമ്മാനിച്ചത്. കേരളത്തിനായി അക്ഷയ് ചന്ദ്രൻ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ