രഞ്ജി ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ച് ഇറങ്ങിയ കേരളത്തിന് കനത്ത തിരിച്ചടി. കേരളത്തിനെതിരെ മധ്യപ്രദേശ് ലീഡ് ഉയർത്തുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ കേരളത്തിനെതിരെ സന്ദർശകർക്ക് 98 റൺസിന്റെ ലീഡാണുള്ളത്. ബാറ്റിങ് നിര തകർന്നടിഞ്ഞതിന് പിന്നാലെ ബോളിങ് നിരയ്ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ കേരളം പരുങ്ങലിൽ ആവുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ കേരളം 63 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച മധ്യപ്രദേശിന് തുടക്കത്തിൽ മോനിഷ് മിശ്രയെ നഷ്ടമായെങ്കിലും നായകൻ നമാൻ ഓഹ്ജയും രജത് പട്ടിധാറും അർദ്ധസെഞ്ചുറി നേടിയതോടെ സ്കോർ ഉയരുകയായിരുന്നു. 70 റൺസുമായി രജത്തും 53 റൺസുമായി ഓജയും ക്രീസിൽ ഉണ്ട്.

കേരള നിരയിൽ ഏഴ് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. റൺ സ്കോറേഴ്സ് അരുൺ കാർത്തിക് (6), ജലജ് സക്സേന (2), രോഹൻ പ്രേം (0), സഞ്ജു സാംസൺ (2), സച്ചിൻ ബേബി (7), ജഗദീഷ് (10), വിഷ്ണു വിനേദ് (16), ബേസിൽ തമ്പി (4), അക്ഷയ് ചന്ദ്രൻ (16), കെ സി അക്ഷയ് (0), സന്ദീപ് വാര്യർ (0).

മധ്യപ്രദേശിനായി ആവേഷ് ഖാൻ നാല് വിക്കറ്റ് വീഴ്ത്തി കേരളത്തിന്റെ തകർച്ചയ്ക്ക് മുന്നിൽ നിന്നു, കുൽദീപ് സെൻ മൂന്നും ഹിർവാണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ മത്സരത്തിൽ ഹൈദരാബാദിനോട് സമനില നേടിയ കേരളം, അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചിരുന്നു. ആന്ധ്രപ്രദേശിനെതിരെയും ബംഗാളിനെതിരെയുമായിരുന്നു കേരളത്തിന്റെ വിജയം. നിലവിൽ മൂന്ന് കളികളിൽ നിന്ന് 13 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് കേരളം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook