ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതോടെ എല്ലായിടത്തും പ്രവചനങ്ങളാണ്. ആര് ജയിക്കും ആര് തോല്‍ക്കും എന്ന് തുടങ്ങി ആര് കപ്പടിക്കും എന്ന് വരെ നിരവധി പേര്‍ പ്രവചിച്ചു കഴിഞ്ഞിരിക്കുന്നു. ക്രിക്കറ്റ് താരങ്ങളും പ്രവചനവുമായി രംഗത്തുണ്ട്. സ്വന്തം ടീമിനേക്കാള്‍ മറ്റ് ടീമുകള്‍ക്ക് വിജയസാധ്യത കല്‍പ്പിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അങ്ങനെയൊരു പ്രവചനമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം നടത്തിയിരിക്കുന്നത്.

Read More: ‘ദാദ, നിങ്ങള്‍ക്ക് തെറ്റുപറ്റിയതാണോ?’; വീണു പോയവരെ നെഞ്ചോട് ചേർത്തൊരു രാജ്യം

ഓരോ കളികളിലും ആര് ജയിക്കും, അവസാന നാലില്‍ ആരൊക്കെ ഇടം പിടിക്കും എന്നെല്ലാം തന്റെ പ്രവചനത്തില്‍ മക്കല്ലം പറയുന്നുണ്ട്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് സെമി ഫൈനലിൽ പ്രവേശിക്കുക എന്ന് മക്കല്ലം അവകാശപ്പെടുന്നു. ആകെയുള്ള ഒന്‍പത് കളികളില്‍ എട്ട് കളികളും വിജയിച്ച് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തുമെന്നും രണ്ടാം സ്ഥാനത്ത് ഇന്ത്യ ആയിരിക്കുമെന്നും മക്കല്ലം പ്രവചിക്കുന്നു. നെറ്റ് റണ്‍റേറ്റ് ആയിരിക്കും നിര്‍ണായകമാകുക എന്ന് മക്കല്ലം പറയുന്നു. ഭാഗ്യത്തിന്റെ നിഴലില്‍ ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടം പിടിക്കുമെന്നും മക്കല്ലം പറയുന്നുണ്ട്.

എന്നാല്‍, ഏറ്റവും രസം മറ്റൊന്നാണ്. പ്രവചനത്തില്‍ വലിയ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ക്രിക്കറ്റ് പ്രേമികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ പരാജയപ്പെടുത്തുമെന്നും ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുമെന്നും മക്കല്ലം പ്രവചിച്ചിരിക്കുന്നു. എന്നാല്‍, ഒരൊറ്റ മത്സരത്തില്‍ മാത്രമേ ഇരു ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് പ്രകാരം നേരിട്ട് ഏറ്റുമുട്ടുകയുള്ളൂ.

ഇന്ത്യ എട്ട് കളികളിലും വിജയിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് പരാജയപ്പെടുക എന്ന് മക്കല്ലം പറയുന്നു. അതേസമയം, ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ഫലം മക്കല്ലം പ്രവചിച്ചതുപോലെ തന്നെയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുമെന്നാണ് മക്കല്ലം പ്രവചിച്ചത്. 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook