ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന വ്യത്യസ്ത രീതിയിൽ പ്രകടിപ്പിക്കുന്ന ആരാധകരെ നമ്മൾ കണ്ടിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ലോകം ചുറ്റുന്ന സുധീറും സച്ചിൻ ആരാധകൻ സുധീർ കുമാർ ചൗദരിയുടെയും പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചാച്ച ചൗദ്രി അബ്ദുൾ ജലീലിന്റെയുമെല്ലാം ആരാധനയും സ്നേഹവുമൊക്കെ നാം നേരത്തെ കണ്ടിട്ടുള്ളതാണ്.

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയാണ് വലിയ ആരാധക പിന്തുണയുള്ള മറ്റൊരു ക്രിക്കറ്റ് താരം. ആരാധകർക്ക് ‘തല’യാണ് ധോണി. രാം ബാബുവും ശരവണനുമെല്ലാം ധോണി ആരാധകരായി വാർത്തയിൽ ഇടംപിടിച്ചവരാണ്. എന്നാൽ ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ലോസ് ആഞ്ചലസിലെ ഒരു അഞ്ജാത ആരാധകനാണ്. എം എസ് ധോണി എന്ന പേര് തന്റെ കാറിന്റെ നമ്പർ പ്ലേറ്റാക്കിയ ആരാധകൻ.

ട്വിറ്ററിലാണ് ചിത്രം ആദ്യമെത്തുന്നത്. എന്നാൽ ഇത് ആരുടെ ഉടമസ്ഥതയിലുള്ള കാറാണെന്ന് വ്യക്തമല്ല. ഇത് ചെന്നൈ സൂപ്പർ കിങ്സിന്റെ ശ്രദ്ധയിൽ പെട്ടതോടെ ‘ ഐതിഹാസിക സ്വപ്ന സുന്ദരി ഇപ്പോൾ ലൊസാഞ്ചൽസിലാണ്’ കുറിപ്പോട് കൂടി റിട്വീറ്റ് ചെയ്യുകയും ചെയ്തു.

നേരത്തെയും ധോണി ആരാധകർ പലതവവണ വാർത്തയിൽ ഇടംപിടിച്ചിട്ടുണ്ട്. ആരാധകരെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ധോണി. അവർക്കൊപ്പം സമയം ചെലവിടാനും ധോണി ശ്രമിക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook