കൊച്ചി : സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാനമൊഴിഞ്ഞതോടെ മലയാളി വ്യവസായിയായ യൂസഫ്‌ അലി കേരളാ ബ്ലാസ്റ്റേഴ്സ് വിലക്കെടുത്തു എന്നത് വ്യാജവാര്‍ത്ത. ക്ലബ്ബിന്റെ ഉടമസ്ഥതയെ ചൊല്ലി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ് എന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നിലവില്‍ ക്ലബ്ബിന്റെ 20 ശതമാനം ഓഹരിയാണ് സച്ചിന് ഉള്ളത്. തെലുങ്ക് സിനിമാ നടന്‍ ചിരഞ്ജീവിയുടെയും നിര്‍മാതാവ് അല്ലു അരവിന്ദിന്റെയും ഉടമസ്ഥതയിലുള്ള ഐക്വെസ്റ്റ് എന്ന കമ്പനിയാണ് 80 ശതമാനം ഓഹരി കൈവശം വച്ചിരിക്കുന്നത്. സച്ചിന്‍ ക്ലബ് വിടുന്നതോടെ ബാക്കിയുള്ള ഓഹരിയും ഐക്വെസ്റ്റ് സ്വന്തമാക്കും എന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്.

ക്ലബ്ബിന്റെ ഉടമസ്ഥത മാറുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ് എന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞു.

2014ല്‍ ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്‌ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്. 2015ല്‍ പോട്ടലുരിയുടെ പിവിപി ടീമിന്റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, നിര്‍മാതാവ് അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്‌സിന്റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. പിന്നീട് സച്ചിനില്‍ നിന്നും 20 ശതമാനം കൂടി അവര്‍ സ്വന്തമാക്കി. ഇപ്പോള്‍ സച്ചിന്‍ ഓഹരി വിറ്റതോടെ ടീമിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും ഐക്വെസ്റ്റ് സ്വന്തമാക്കി.

ഈ മാസം 29ന് എടികെയ്ക്ക് എതിരാണ് സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ