ജർമ്മൻ ഫുട്ബോൾ താരം ലൂക്കസ് പൊഡോൾസ്ക്കിക്ക് ജപ്പാനീസ് ലീഗിൽ തകർപ്പൻ അരങ്ങേറ്റം. ജപ്പാനീസ് ലീഗിലെ ആദ്യ മത്സരത്തിൽ വിൽസെ കോബെ ക്ലബിനായി ബൂട്ട് കെട്ടിയ പൊഡോൾസ്ക്കി ഇരട്ട ഗോളുകൾ നേടിയാണ് അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. കഴിഞ്ഞ മെയിലാണ് തുർക്കി ക്ലബായ ഗാലറ്റരാസെയിൽ നിന്ന് ലോകകപ്പ് ജേതാവ് കൂടിയായ ലൂക്കസ് പൊഡോൾസ്ക്കി ജപ്പാനീസ് ലീഗിലേക്ക് ചേക്കേറിയത്.

അരങ്ങേറ്റ മത്സരത്തിൽ കരുത്തരായ ഒമിയ അർജിയക്ക് എതിരെയായിരുന്നു പൊഡോൾസ്ക്കിയുടെ ആദ്യ മത്സരം. മത്സരത്തിന്റെ 49 മിനുറ്റിൽ തകർപ്പൻ ലോങ്റെയ്ഞ്ചറിലൂടെയാണ് ലൂക്കസ് പൊഡോൾസ്ക്കി തന്റെ ആദ്യ ഗോൾ നേടിയത്. ബോക്സിന് പുറത്ത് നിന്ന് പൊഡോൾസ്ക്കി തൊടുത്ത ഇടങ്കാലൻ ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയിൽ പതിക്കുകയായിരുന്നു.

61 മിനുറ്റിൽ ഹെഡ്ഡറിലൂടെ പൊഡോൾസ്ക്കി തന്റെ രണ്ടാം ഗോളും നേടി. മത്സരത്തിൽ പൊഡോൾസ്ക്കിയുടെ ടീം 1 എതിരെ 3 ഗോളുകൾക്കാണ് എതിരാളികളെ തകർത്തത്.

2006 ൽ നടന്ന ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്ക്കാരം നേടിയ താരമാണ് ലൂക്കസ് പൊഡോൾസ്ക്കി. ബയൺ മ്യൂണിക്ക്, ആഴ്സണൽ, ഗാലറ്റസെറി തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായും പൊഡോൾസ്ക്കി കളിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ