ലോകത്തെ മികച്ച ഫുട്ബോളർ താരത്തിനുളള ഫിഫയുടെ പുരസ്കാരം ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സല എന്നിവരെ പിന്തളളിയാണ് ലൂക്കാ ഈ നേട്ടം കരസ്ഥമാക്കിയത്. ലോകമെന്പാടുമുളള ആരാധകർക്ക് നന്ദിയെന്നും കഠിനാദ്ധ്വാനത്തിലൂട സ്വപ്നം സഫലമാവുമെന്ന് ഈ അവാർഡ് തെളിയിച്ചുവെന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ലൂക്കാ പറഞ്ഞു.

2008 മുതൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൈയ്യടക്കി വച്ചിരുന്ന പുരസ്കാരമാണ് ലൂക്കാ സ്വന്തമാക്കിയത്. 10 വർഷത്തിനിടയിൽ അഞ്ചു തവണ വീതം റൊണാൾഡോയും മെസ്സിയും പുരസ്കാരം നേടി തുല്യത പങ്കിട്ടു. ഇത്തവണ റൊണാൾഡോ പുരസ്കാരം ലക്ഷ്യമിട്ടുവെങ്കിലും റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയുടെ കുതിപ്പിന് കാരണക്കാരനായ ലൂക്കാ അത് കൈകളിൽ ഏറ്റുവാങ്ങി. അതേസമയം, മെസ്സിയാവട്ടെ ഇത്തവണ അവസാന മൂന്നു പേരുടെ പട്ടികയിൽ പോലും ഇടം പിടച്ചില്ല.

12 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് മെസ്സിയില്ലാത്ത അന്തിമ പട്ടിക ഫിഫ ലോക ഫുട്ബോളർ പുരസ്കാര വേദിയിലെത്തിയത്. അതേസമയം, റൊണാൾഡോയും മെസ്സിയും ചടങ്ങിൽനിന്നും വിട്ടുനിന്നതും ശ്രദ്ധേയമായി. യുവന്റസിലെ പരിശീലനത്തിൽ ശ്രദ്ധിക്കുന്നതിനാലാണ് റൊണാൾഡോ ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രസീലിന്റെ ഇതിഹാസ താരം മാർത്തയാണ് മികച്ച വനിതാ താരം. ആറാം തവണയാണ് മാർത്ത പുരസ്കാരത്തിന് അർഹയാവുന്നത്. ഫ്രാൻസ് ലോകകിരീടം നേടിയതിൽ നിർണായക പങ്ക് വഹിച്ച കിലിയൻ എംബാപ്പേയാണ് മികച്ച യുവതാരത്തിനുളള പുരസ്കാരം നേടിയത്. മികച്ച ഗോൾ കീപ്പറായി ബെൽജിയത്തിന്‍റെ തിബോ കോർത്വയും മികച്ച പരിശീലകനായി ഫ്രാൻസിന്‍റെ ദിദിയർ ദെഷാമും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ലിവർപൂളിന്‍റെ മുഹമ്മദ് സലായ്ക്ക് ആണ് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook