മാഡ്രിഡ്: സ്പാനിഷ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സിലോണ. ഇന്നലെ നടന്ന മൽസരത്തിൽ റയൽ സോസിഡാഡിനെയാണ് ബാഴ്സ തകർത്തത്. 2 ഗോളിന് പിന്നിൽ നിന്ന​ ശേഷമാണ് ബാഴ്സ തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. ബാഴ്സിലോണയ്ക്ക് വേണ്ടി ലൂയി സുവാരസ് ഇരട്ടഗോൾ നേടി.

റയൽ സോസിഡാഡിന്റെ മൈതാനത്ത് നടന്ന മൽസരത്തിൽ ആതിഥേയരാണ് ആദ്യം മുന്നിൽ എത്തിയത്. പത്താംമിനിറ്റിൽ വില്യൻ ഹോസെയിലൂടെയാണ് സോസിഡാഡ് ലീഡ് എടുത്തത്. 34-ാം മിനിറ്റിൽ ബാഴ്സ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ജുവാൻമി സോസിഡാഡിന്റെ ലീഡ് ഉയർത്തി.

എന്നാൽ അഞ്ച് മിനിറ്റിൽ പൗളീഞ്ഞോയിലൂടെ ബാഴ്സ ഒരു ഗോൾ മടക്കി. സുവാരസ് നൽകിയ തകർപ്പൻ പാസ് ഒരു ഡൈവിങ്ങ് ഷോട്ടിലൂടെയാണ് പൗളീഞ്ഞോ വലയിൽ എത്തിച്ചത്.

രണ്ടാംപകുതിയിൽ കളിനിയന്ത്രിച്ച ബാഴ്സിലോണ എതിരാളികളെ തകർത്തുവിട്ടു. 50-ാം മിനിറ്റിൽ തകർപ്പൻ ഒരു ഫിനിഷിലൂടെ സുവാരസ് ബാഴ്സിലോണയ്ക്ക് സമനില നൽകി. ഏഴുപതാം മിനിറ്റിൽ ഒരിക്കൽക്കൂടി സുവാരസ് എതിരാളികളുടെ വലകുലുക്കിയതോടെ ബാഴ്സ വിജയം ഉറപ്പിച്ചു. 85-ാം മിനിറ്റിൽ മഴവില്ല് പോലെയുള്ളൊരു ഫ്രീകിക്കിലൂടെ ലയണൽ മെസി ബാഴ്സയുടെ പട്ടിക തികച്ചു.

ജയത്തോടെ 19 മൽസരങ്ങളിൽ നിന്ന് 51 പോയിന്റുമായി ബാഴ്സിലോണ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് നിലയുറപ്പിച്ചു. 19 മൽസരങ്ങളിൽ നിന്ന് 42 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ