മാഡ്രിഡ്: ലാ ലീഗയിൽ ബാഴ്സലോണ മികച്ച ഫോം തുടർന്നു. ലെഗാനസിനെതിരെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബാഴ്സ ജയം കണ്ടത്. ബാഴ്സക്കായി സുവാരസ് രണ്ടു ഗോളുകൾ നേടിയപ്പോൾ പൗളീഞ്ഞോ മൂന്നാമത്തെ ഗോൾ നേടി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സ.

ലീഗിൽ ഒൻപതാം സ്ഥാനക്കാരായ ലെഗാനസിനെതിരെ ബാഴ്സക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ പകുതിയിൽ ഭൂരിപക്ഷം സമയവും പന്ത് കൈവശം വച്ചെങ്കിലും ബാഴ്സയെക്കാൾ ഷോട്ടുകൾ പായിച്ചത് എതിരാളികളായിരുന്നു. എന്നാൽ ലഭിച്ച ഏക അവസരം മുതലെടുത്ത് ബാഴ്സ ലീഡ് നേടുകയായിരുന്നു. 28-ാം മിനിറ്റിൽ ലൂയിസ് സുവാരസാണ് ബാഴ്‌സയെ മുന്നിൽ എത്തിച്ചത്. ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന സുവാരസിന് ആശ്വാസമായി ഈ ഗോൾ.

60-ാം മിനിറ്റിൽ ബാഴ്സ ലീഡ് രണ്ടാക്കി. ഇത്തവണയും സുവാരസിന്റെ ബൂട്ടിൽ നിന്നാണ് ഗോൾ പിറന്നത്. 90-ാം മിനിറ്റിൽ പൗളീഞ്ഞോയും ഗോൾ നേടിയതോടെ ബാഴ്സ ഗംഭീര ജയം ഉറപ്പിച്ചു.

അതേസമയം, റയലിന് സമനില കുരുക്ക്. ഡര്‍ബി പോരാട്ടത്തില്‍ അത്‍ലറ്റിക്കോ മാഡ്രിഡ് റയലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെയുള്ള താരങ്ങള്‍ കളത്തിലിറങ്ങിയിട്ടും റയലിന് ഗോള്‍ കണ്ടെത്താനായില്ല. ഇതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്സയും റയലും തമ്മിലുള്ള വ്യത്യാസം പത്തായി. 12 മത്സരങ്ങളില്‍ നിന്നായി 34 പോയിന്റ് നേടി ഗ്രൂപ്പില്‍ ഒന്നാമതാണ് ബാഴ്സലോണ. വലന്‍സിയയാണ് രണ്ടാമത്. 24 പോയിന്റ് വീതമുള്ള റയലും അത്‍ലറ്റിക്കോ മാഡ്രിഡും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ