ഐപിഎൽ പതിനഞ്ചാം സീസണിൽ ബാംഗ്ലൂരിന് ഏറ്റവും നിർണായകമായ മത്സരമായിരുന്നു ലക്നൗ സൂപ്പർ ജയന്റസിനെതിരായ ഇന്നലത്തെ എലിമിനേറ്റർ മത്സരം. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ബാറ്റിങ് ത്രയങ്ങളായ ഫാഫ് ഡു പ്ലെസിസ് (0), ഗ്ലെൻ മാക്സ്വെൽ (9), വിരാട് കോഹ്ലി (25) എന്നിവർ പരാജയപ്പെട്ടപ്പോൾ, രജത് പാട്ടിദാറാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വിജയത്തിൽ എത്തിച്ചത്.
ഇന്നലെ നടന്ന മത്സരത്തിൽ 54 പന്തിൽ പുറത്താകാതെ 112 റൺസ് നേടിയാണ് രജത് പാട്ടിദാർ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. പന്ത്രണ്ട് ബൗണ്ടറികളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ആർസിബി ബാറ്റർമാർ ടൈമിങ്ങിനായി പാടുപെടുമ്പോൾ, 28-കാരനായ പാട്ടിദാർ മികച്ച ഷോട്ടുകളുമായി കളം നിറയുകയായിരുന്നു.
ഈ സീസണിലെ താരലേലത്തിൽ ആരും എടുക്കാതെ വന്ന പാട്ടിദാർ, ലുവ്നിത്ത് സിസോദിയ എന്ന താരത്തിന് പരുക്കേറ്റപ്പോൾ പകരക്കാരനായി ടീമിൽ എത്തുകയായിരുന്നു.
ഇന്നലത്തെ മത്സരത്തിന് ശേഷം നിരവധിപേരാണ് പാട്ടിദാറിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. റോയൽചലഞ്ചേഴ്സ് മുൻക്യാപ്റ്റൻ വിരാട് കോഹ്ലിയും റോയൽ ചലഞ്ചേഴ്സിന്റെ ഫിനിഷർ ദിനേശ് കാർത്തിക് അതിൽ ഉൾപ്പെടുന്നു. ഇതുപോലൊരു ഇന്നിങ്സ് ഞാൻ മുൻപ് കണ്ടിട്ടില്ല എന്നാണ് രജത് പാട്ടിദാറിന്റെ ഇന്നിങ്സിനെ കുറിച്ച് കോഹ്ലി പറഞ്ഞത്.
“കൊള്ളാം… രജതിന്റെ (പതിദാർ) ഇന്നിങ്സ് സമ്മർദ്ദത്തിൽ ഒരാൾ കളിക്കുന്ന, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായിരുന്നു അത്… ഞാൻ പലതും കണ്ടിട്ടുണ്ട്. സ്ട്രൈക്കിംഗിന്റെ ആ ലെവൽ, അത് മികച്ച ബാറ്റിംഗായിരുന്നു. അവനെ സൂക്ഷിക്കുക, ”ആർസിബി പുറത്തുവിട്ട വീഡിയോയിൽ കോഹ്ലി പറഞ്ഞു.
“ഒരുപക്ഷേ ഐപിഎല്ലിൽ ഞാൻ കണ്ടിട്ടുള്ള ഒരു അൺക്യാപ്ഡ് കളിക്കാരന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ്. അവൻ വളരെ ശാന്തനാണ്” കാർത്തിക് പറഞ്ഞു. മത്സരത്തിൽ ദിനേശ് കാർത്തിക് (23 പന്തിൽ 37 നോട്ടൗട്ട്) പാട്ടിദാറിനൊപ്പം 41 പന്തിൽ നിന്ന് 92 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു.
“അദ്ദേഹം യഥാർത്ഥത്തിൽ വളരെ നാണക്കാരനാണ്, അത് അദ്ദേഹത്തിന്റെ ബാറ്റിംഗിലും പ്രകടമാണ്. വളരെ ശാന്തനാണ്, അവൻ മടിയനാണെന്ന് നിങ്ങൾക്ക് തോന്നും, പക്ഷേ അത് അവന്റെ വ്യക്തിത്വം മാത്രമാണ്. അവൻ ഒരു സുന്ദരനും കഠിനാധ്വാനിയും വളരെ ലജ്ജാശീലനുമായ വ്യക്തിയാണെന്നാണ് ഞാൻ കരുതുന്നത്, അതാണ് എനിക്ക് അദ്ദേഹത്തിൽ ഇഷ്ടപ്പെട്ടത്,” കാർത്തിക് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് ബാംഗ്ലൂരിന്റെ ക്വാളിഫയർ മത്സരം. അതിൽ ജയിക്കുന്നവർ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.