ദുബായ്: ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽ എംഎസ് ധോണിയുടെ സാന്നിധ്യം ശാന്തത കൊണ്ടുവരുമെന്ന് കെ.എൽ രാഹുൽ. വരും ദിവസങ്ങളിൽടീമിന്റെ ഉപദേഷ്ടാവായ ധോണിയിൽ നിന്നും ലഭിക്കുന്ന ഓരോ ഉപദേശവും ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
ഈ യാത്രയിൽ ധോണിയേക്കാൾ നല്ല ഒരു ഉപദേഷ്ടാവിനെ ലഭിക്കില്ലെന്നും ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായ കെഎൽ രാഹുൽ പറഞ്ഞു.
“തീർച്ചയായും, ടീമിനൊപ്പം എംഎസ് ധോണി തിരിച്ചെത്തിയതിൽ അത്ഭുതം തോന്നുന്നു, ഞങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ കളിച്ചിട്ടുണ്ട്, അദ്ദേഹം ഞങ്ങളുടെ ക്യാപ്റ്റനായിരുന്നപ്പോഴും ഒരു ഉപദേഷ്ടാവായാണ് അദ്ദേഹത്തെ ഞങ്ങൾ കണ്ടിരുന്നത്,” ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ അർദ്ധ സെഞ്ചുറി കുറിച്ച രാഹുൽ, റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ക്ലബ് ഹൗസ് സെഷനിൽ പറഞ്ഞു.
എല്ലാവരും ഉറ്റുനോക്കുന്ന താരമാണ് ധോണിയെന്ന് രാഹുൽ പറഞ്ഞു. “അദ്ദേഹം ക്യാപ്റ്റനായിരുന്നപ്പോൾ അദ്ദേഹം ഡ്രസിങ് റൂമിൽ ഉണ്ടായിരിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. ഞങ്ങൾ ആ ശാന്തത ഇഷ്ടപ്പെട്ടു. അദ്ദേഹം ഇവിടെ ഉണ്ടായിരിക്കുന്നത് അതിശയകരമാണ്.”
“അത് ഞങ്ങൾക്ക് ശാന്തത നൽകുന്നു, ആദ്യത്തെ ഈ രണ്ട് മൂന്ന് ദിവസങ്ങളിൽ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഞാൻ ആസ്വദിച്ചു, അത് വളരെ രസകരമായിരുന്നു. ക്രിക്കറ്റിനെക്കുറിച്ചും ക്യാപ്റ്റൻസിയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന്റെ തലച്ചോറിൽ നിന്നും ഊറ്റിയെടുക്കാൻ ആഗ്രഹിക്കുന്നു,” രാഹുൽ കൂട്ടിച്ചേർത്തു.
Also Read: T20 WC: തയാറെടുപ്പിന്റെ ആവശ്യമില്ല; ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് ശാസ്ത്രി
ഈയിടെ ചെന്നൈ സൂപ്പർ കിങ്സിനെ നാലാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ധോണി, 2022ൽ
ഒരിക്കൽ കൂടി തിരിച്ചുവന്ന് ചെപ്പോക്കിലെ തന്റെ കാണികൾക്ക് മുന്നിൽ കളിക്കുമെന്ന് പറഞ്ഞിരുന്നു.
“2021 ഐപിഎൽ ഫൈനൽ അദ്ദേഹത്തിന്റെ അവസാന മത്സരമാണെന്ന് ഞങ്ങളിൽ ആർക്കും ഉറപ്പില്ല,” രാഹുൽ പറഞ്ഞു.
40 വയസായെങ്കിലും, പേശീബലമുള്ള യുവാക്കളെയും മറികടന്ന് ഏറ്റവും ദൂരമുള്ള സിക്സറുകൾ പറത്താൻ തന്റെ മുൻ ക്യാപ്റ്റന് കഴിയുമെന്ന് രാഹുൽ പറഞ്ഞു. വിക്കറ്റുകൾക്കിടയിൽ ഇപ്പോഴും വേഗത്തിൽ ഓടുന്ന ധോണി പൂർണമായും ഫിറ്റ് ആണെന്ന് തോന്നുന്നതായും അദ്ദേഹം ഒപ്പം ഉണ്ടാകുന്നത് നല്ലതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.