ഇന്ത്യൻ സ്പിന്നറും, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരവുമായ പിയുഷ് ചൗളയുടെ അച്ഛൻ പ്രമോദ് കുമാർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
“അദ്ദേഹം ഇല്ലാത്ത ജീവിതം ഇനി മുൻപത്തെ പോലെ ആയിരിക്കില്ല. എന്റെ ശക്തിയുടെ അടിത്തറയാണ് ഇല്ലാതായത്” പിയുഷ് ചൗള ഇൻസ്റ്റഗ്രാമിൽ കുറിച്ചു. “വളരെ വിഷമത്തോടെ, ഞങ്ങളുടെ അച്ഛൻ പ്രമോദ് കുമാർ ചൗള മേയ് 10 2021ൽ സ്വർഗത്തിലേക്ക് പോയതായി അറിയിക്കുന്നു. അദ്ദേഹത്തിന് കോവിഡാനന്തര ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങൾ ഈ സമയത്ത് ക്ഷണിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ഉണ്ടാകട്ടെ.” ചൗള കുറിച്ചു.
Read Also: കോവിഡ് പ്രതിരോധത്തിൽ സഹായവുമായി റിഷഭ് പന്തും; ഓക്സിജൻ കിടക്കകൾക്ക് പണം നൽകും
2006ലാണ് പിയുഷ് ചൗള രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. ഇന്ത്യയെ അണ്ടർ 19 വേൾഡ് കപ്പിൽ നയിച്ചിട്ടുള്ള ചൗള ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി 3 ടെസ്റ്റ് മത്സരങ്ങളും, 25 ഏകദിന മത്സരങ്ങളും, 7 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2012ലാണ് ഇന്ത്യക്കായി പിയുഷ് ചൗള അവസാനമായി കളിച്ചത്. ഈ വർഷത്തെ ഐപിഎല്ലിന് മുൻപ് നടന്ന ലേലത്തിൽ ചെന്നൈ വിട്ട താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു.